റാഗിങ്ങിന് ശേഷം നാല് പ്രതികളും അശ്വതിയെക്കൊണ്ട് ടോയ്ലറ്റ് ക്ലീനര്‍ കുടിപ്പിക്കുകയായിരുന്നു
കലബുറഗിയിലെ നഴ്സിംഗ് കോളേജില്‍ ദളിത് യുവതി റാഗിംഗ് ചെയ്യപ്പെട്ട സംഭവത്തില്‍ നാല് മലയാളി വിദ്യാര്‍ത്ഥികളുള്‍പ്പെടെ ആറു പേരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്ന്‍ കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ പ്രത്യേക അന്വേഷണ സംഘമാണ് കലബുറഗി രണ്ടാം അഡീഷണല്‍ ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
മലയാളി വിദ്യാര്‍ത്ഥികളായ ലക്ഷ്മി, ആതിര, കൃഷ്ണപ്രിയ, ശില്പ എന്നിവരെ കൂടാതെ ഹോസ്റ്റല്‍ വാര്‍ഡന്‍ റെയ്സ ബീഗം, കോളേജ് മേധാവി എസ്തര്‍ എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ദളിത് പീഡനം, വധ ശ്രമം, റാഗിംഗ് വിരുദ്ധ നിയമം എന്നിങ്ങനെയുള്ള വകുപ്പുകള്‍ക്കാണ് കേസെടുത്തിരിക്കുന്നത്.
കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ച ഈ സംഭവം മേയ് 9ന് കലബുറഗിയിലെ അല്‍-ഖമാര്‍ നഴ്സിംഗ് കോളേജ് ഹോസ്റ്റലില്‍ വച്ചാണ് നടന്നത്. റാഗിങ്ങിന് ശേഷം നാല് പ്രതികളും അശ്വതിയെക്കൊണ്ട് ടോയ്ലറ്റ് ക്ലീനര്‍ കുടിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന്‍ അന്നനാളം പൊള്ളിയ അശ്വതി കലബുരഗി സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടി.
യുവതിയുടെ തീരുമാനമനുസരിച്ച് പ്രതികള്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് കലബുറഗി പോലീസിന് കൈമാറി. കലബുറഗി എസ്.പി ശശികുമാറിന്‍റെ സംഘം ആതിര, ലക്ഷ്മി, കൃഷ്ണപ്രിയ, എന്നിവരെ അറസ്റ്റ് ചെയ്തു. നാലാം പ്രതി ശില്‍പ ഒളിവിലാണ്. ഇതിനിടയില്‍ അശ്വതി ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് പറഞ്ഞ് ഇവരുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.