കുവൈത്ത് സിറ്റി: കുവൈത്തില്‍ എത്തുന്ന വിദേശികളില്‍ 5 വിഭാഗങ്ങളെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കി. വിദേശ രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളും (ഭാര്യ/ ഭര്‍ത്താവ്/ മക്കള്‍) ഒന്നിച്ച് വന്നാലും തനിച്ച് വന്നാലും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് ആവശ്യമില്ല.
അവര്‍ക്കൊപ്പം വരുന്ന ഗാര്‍ഹിക തൊഴിലാളികളെയും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കും. വിദേശ ചികിത്സയ്ക്കായി അയയ്ക്കപ്പെട്ട സ്വദേശികളും അവര്‍ക്കൊപ്പം പോയ സഹായികളും ചികിത്സ പൂര്‍ത്തിയാക്കി മടങ്ങുകയാണെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് വേണ്ട. ചികിത്സയില്‍ കഴിഞ്ഞ രാജ്യത്തെ കുവൈത്ത് നയതന്ത്രാലയത്തിലെ ആരോഗ്യ ഓഫിസില്‍ നിന്നുള്ള സാക്ഷ്യപത്രം കരുതണം. പൊതു/ സ്വകാര്യ മെഡിക്കല്‍ മേഖലയിലെ ജീവനക്കാരും അടുത്ത ബന്ധുക്കളും (ഭാര്യ/ ഭര്‍ത്താവ്/ മക്കള്‍) ഒന്നിച്ചുവന്നാലും തനിച്ചു വന്നാലും ഇളവുണ്ട്. ഒപ്പം വരുന്ന ഗാര്‍ഹിക തൊഴിലാളികള്‍ അത് തെളിയിക്കുന്ന രേഖ കരുതണം.
വിദേശ സര്‍വകലാശാലകളില്‍ എന്റോള്‍ ചെയ്ത സ്വദേശി വിദ്യാര്‍ഥികള്‍ അതത് രാജ്യങ്ങളിലെ കുവൈത്ത് എംബസിയിലെ കള്‍ചറല്‍ അറ്റാഷെയില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം വന്നാല്‍ ഇളവ് ലഭിക്കും. യൂണിവേഴ്സിറ്റി പരീക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. തനിച്ച് യാത്ര ചെയ്യുന്ന 18 വയസ്സില്‍ കുറഞ്ഞ പ്രായക്കാര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് വേണ്ട. കുവൈത്തില്‍ പ്രവേശിക്കുന്ന മുഴുവന്‍ ആളുകളും ഷ്ലോനക് ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണമെന്നും വ്യോമയാന വകുപ്പ് അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.