കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ സ്വന്തം നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന വിദേശീയരായ അധ്യാപകര്‍ക്ക് കുവൈത്തില്‍ തിരിച്ചെത്തുന്നതിന് അനുമതി നല്‍കും. പതിവ് വിമാന സര്‍വീസ് നിലവില്‍ ഇല്ലാത്തതിനാല്‍ കുവൈത്ത് അധികൃതര്‍ നിര്‍ണയിച്ച വിഭാഗങ്ങള്‍ക്ക് മാത്രമേ നിലവില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ആരോഗ്യമന്ത്രാലയം ജീവനക്കാര്‍, ഗാര്‍ഹിക തൊഴിലാളികള്‍, നയതന്ത്രാലയം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് നിലവില്‍ പ്രവേശനാനുമതിയുള്ളവര്‍. ആ വിഭാഗത്തിലാണ് അധ്യാപകരെകൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വിദ്യാഭ്യാസമന്ത്രാലയത്തിന്റെ അപേക്ഷയിന്മേല്‍ കൊറോണ എമര്‍ജന്‍സി കൗണ്‍സില്‍ ഉന്നതാധികാര സമിതിയാണ് ഈ തീരുമാനമെടുത്തത്. അതേസമയം സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിന് വിദേശി അധ്യാപകരെ കുവൈത്തില്‍ നിന്ന് പ്രാദേശികമായി റിക്രൂട്ട് ചെയ്യാന്‍ ആലോചന. അത് സംബന്ധിച്ച് മന്ത്രാലയം ഭരണനിര്‍വഹണ വിഭാഗം പെരുന്നാള്‍ അവധിക്ക് ശേഷം ഉത്തരവ് പുറപ്പെടുവിക്കും.
ഫ്രഞ്ച്, ഇംഗ്ലിഷ്, മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, മ്യൂസിക് അധ്യാപകരെയാണ് ആവശ്യം. മന്ത്രാലയം വെബ്‌സൈറ്റ് വഴിയാകും അപേക്ഷ ക്ഷണിക്കുക. സെപ്റ്റംബറില്‍ സ്‌കൂളുകള്‍ തുറക്കുന്നതോടെ 600 അധ്യാപകരുടെ ഒഴിവാണ് സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടാവുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.