മനാമ: ബഹ്റൈനില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള ലഭ്യത ഉറപ്പാക്കുന്നതിനുള്ള ശമ്പള സംരക്ഷണ സംവിധാനത്തിന്റെ ഒന്നാംഘട്ടം മേയ് ഒന്നിന് ആരംഭിക്കും. ജീവനക്കാരുടെ ശമ്പളം ബാങ്ക് വഴി കൃത്യമായി ലഭ്യമാക്കുകയാണ് ലക്ഷ്യം.
ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) യാണ് പദ്ധതി ആവിഷ്‌കരിച്ചത്. 500ല്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സെന്‍ട്രല്‍ ബാങ്കിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ വഴി നിശ്ചിത തീയതിക്കകം ജീവനക്കാര്‍ക്ക് ശമ്പളം എത്തിച്ചിരിക്കണം എന്നാണ് നിര്‍ദേശം.
50 മുതല്‍ 499 ജീവനക്കാര്‍ വരെയുള്ള സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയുള്ള രണ്ടാംഘട്ടം സെപ്റ്റംബര്‍ ഒന്നിനും ഒന്നു മുതല്‍ 49വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയുള്ള മൂന്നാംഘട്ടം 2022 ജനുവരി ഒന്നിനും ആരംഭിക്കും.
സ്വകാര്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുക എന്നത് കൂടി കണക്കിലെടുത്താണ് പദ്ധതിയെന്ന് അതോറിറ്റി സിഇഒ ജമാല്‍ അബ്ദുല്‍ അസീസ് അല്‍ അലാവി പറഞ്ഞു. ശമ്പള സംരക്ഷണ നിയമം അനുസരിച്ച് തൊഴിലുടമകള്‍ തൊഴിലാളികളുടെ ശമ്പളം കൃത്യമായി നല്‍കാന്‍ ബാധ്യസ്ഥരാണ്. അത് സുതാര്യവും കൃത്യതയോടെയും നടത്തുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.