ടൊറന്റോ: വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്താല്‍ കൂടുതല്‍ നഷ്ടപരിഹാരങ്ങള്‍ക്ക് യാത്രക്കാരെ അര്‍ഹരാക്കുന്ന നിയമം കാനഡയില്‍ പ്രാബല്യത്തില്‍. ജൂലൈയില്‍ പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം ഓവര്‍ ബുക്കിംഗ്, റണ്‍വേ- തടസം, ലഗേജ് നഷ്ടപ്പെടുക എന്നിവ സംഭവിച്ചാല്‍ യാത്രക്കാര്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണ്. രണ്ടാം ഘട്ട നിയമ പരിഷ്‌കാരത്തില്‍ വിമാനം വൈകുക, റദ്ദാക്കുക തുടങ്ങിയവയ്ക്കുള്ള നഷ്ടപരിഹാരങ്ങളും നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം യാത്രക്കാരെ ഓര്‍മ്മിപ്പിച്ച് ഗതാഗത വകുപ്പ് മന്ത്രി മാര്‍ക്ക് ഗാരന്യൂ ട്വീറ്റ് ചെയ്തു.
യാത്രക്കാരന്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ എത്ര സമയമെടുത്തു എന്നതിനെ ആശ്രയിച്ച് നഷ്ടപരിഹാരതുക വര്‍ധിപ്പിക്കാനുള്ള തീരുമാനമാണ് പുതിയ നിയമത്തിലെ പ്രധാന മാറ്റം. മൂന്നു മുതല്‍ ആറുമണിക്കൂര്‍ വരെ വൈകുകയാണെങ്കില്‍ വലിയ വിമാനങ്ങള്‍ 400 ഡോളര്‍ വരെ നഷ്ടപരിഹാരം ലഭിക്കും. ഒന്‍പത് മണിക്കൂറില്‍ അധികം വൈകുകയാണെങ്കില്‍ 1000 ഡോളര്‍ വരെയാകും നഷ്ടപരിഹാര തുക.
വൈകി രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ ഭക്ഷണം, പാനീയങ്ങള്‍, ഫ്രീ വൈഫൈ പോലുള്ള കമ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍ എന്നിവ പ്രദാനം ചെയ്യണം. രാത്രിമുഴുവന്‍ വൈകുകയാണെങ്കില്‍ അതിനനുസൃതമായി താമസസൗകര്യവും ഏര്‍പ്പെടുത്തണം. മാത്രമല്ല, യാത്രക്കാര്‍ അവരുടെ ലക്ഷ്യസ്ഥലങ്ങളിലെത്തി എന്ന കാര്യം വിമാനകമ്പനികള്‍ ഉറപ്പുവരുത്തുകയും വേണമെന്ന് നിയമം അനുശാസിക്കുന്നു.
14 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ സമീപം തന്നെ അധികം ചാര്‍ജ് ഈടാക്കാതെ സീറ്റ് സജ്ജീകരിക്കണം. അതേസമയം രാഷ്ട്രീയ അസ്ഥിരത, കലാപം, കാലാവസ്ഥ, സുരക്ഷ പ്രശ്നങ്ങള്‍, ആരോഗ്യ അടിയന്തരവസ്ഥ എന്നീ സാഹചര്യങ്ങള്‍ മൂലം വൈകുകയാണെങ്കില്‍ അത് വിമാനകമ്പനിയുടെ പരിധിയില്‍ വരില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.