ദോഹ: കോവിഡ് രോഗ ബാധിതരായി രോഗമുക്തി നേടിയവര്‍ക്ക് യാത്രകളിലും ജോലിയിലും ക്വാറന്റൈന്‍ ഇളവ് നല്‍കി ഖത്തര്‍ ആരോഗ്യമന്ത്രാലയം. രോഗമുക്തി നേടിക്കഴിഞ്ഞ് അടുത്ത ആറ് മാസം വരെ ഖത്തറിലേക്ക് വരുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ല. രോഗമുണ്ടായി മാറിയതിന്റെയും നെഗറ്റീവായതിന്റെയും ആശുപത്രി/ ലബോറട്ടറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി. കൂടാതെ മറ്റ് യാത്രക്കാരെ പോലെ പുറപ്പെടുന്നതിന് മുമ്പുള്ള എഴുപത്തിരണ്ട് മണിക്കൂറിനകമെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.
രോഗം വന്ന് ഭേദമായവര്‍ക്ക് (കാര്യമായ ലക്ഷണങ്ങളില്ലെങ്കില്‍) പിന്നീട് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നാലും ക്വാറന്റൈനില്‍ പോകേണ്ടതില്ല. രോഗം വന്ന് മാറിയതിന്റെ ആറ് മാസം വരെ ഈ ഇളവ് ലഭിക്കും. എന്നാല്‍ രോഗിയുമായി സമ്പര്‍ക്കം വന്ന് പതിനാല് ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണിക്കുന്ന പക്ഷം സ്വയം ഐസൊലേഷനില്‍ പോകണം.
കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയുകയും വേണം. എന്നാല്‍ രോഗം വന്ന് ഭേദമായവരും വാക്‌സിനെടുത്തവരും മറ്റുള്ളവരെ പോലെ തന്നെ എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും ഖത്തര്‍ പിഎച്ച്‌സിസി ഡയറക്ടര്‍ ഡോ.മറിയം അബ്ദുല്‍ മാലിക് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.