റിയാദ്: സൗദി ദേശീയ വിമാന കമ്പനിയായ സൗദി എയര്‍ലൈന്‍സിന്റെ അന്താരാഷ്ട്ര സര്‍വിസുകള്‍ മെയില്‍ പുനരാരംഭിക്കുമെന്ന് സൗദി ഗതാഗത മന്ത്രി സ്വാലിഹ് അല്‍ജാസര്‍ അറിയിച്ചു. ലോകമാകെ കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 2020 മാര്‍ച്ച് 17 മുതല്‍ നിര്‍ത്തിവെച്ചത്.
മെയ് 17 നാണ് സര്‍വിസ് പുനരാരംഭിക്കുന്നത്. അതിന് മുന്നോടിയായുള്ള തയാറെടുപ്പുകള്‍ നടത്തി വരികയാണെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് മെയ് 17ന് നീക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 31ന് നീക്കുമെന്നാണ് ആദ്യം സൗദി അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ജനിതകമാറ്റം വന്ന കൊവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിന്റെ ഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ വിലക്ക് നീക്കല്‍ മെയ് 17ലേക്ക് നീട്ടുകയായിരുന്നു.
മെയ് 17 മുതല്‍ രാജ്യം സാധാരണ നിലയിലേക്ക് നീങ്ങുമെന്നും ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സൗദി എയര്‍ലൈന്‍സ് അന്താരാഷ്ട്ര വിമാന സര്‍വിസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. സൗദി പ്രവേശന വിലക്ക് നീക്കുന്നതും ‘സൗദിയ’ അന്താരാഷ്ട്ര സര്‍വിസ് ആരംഭിക്കുന്നതും മറ്റ് വിമാന കമ്പനികള്‍ക്ക് സര്‍വിസിന് അനുമതി നല്‍കുന്നതും മലയാളികളടക്കം പ്രവാസികള്‍ക്ക് വലിയ ആശ്വാസമായി മാറും.
എന്നാല്‍ സര്‍വിസുകള്‍ പുനരാരംഭിക്കുമ്പോള്‍ ഇന്ത്യയടക്കം കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന രാജ്യങ്ങളിലേക്ക് സര്‍വിസുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത കൈവരേണ്ടതുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.