Currency

നിതാഖാത്ത് വ്യവസ്ഥക്ക് പ്രായപരിധി നിശ്ചയിച്ച് സൗദി; കുറഞ്ഞ പ്രായം 18

സ്വന്തം ലേഖകന്‍Sunday, December 27, 2020 5:28 pm

റിയാദ്: സൗദിയില്‍ നിതാഖാത്ത് വ്യവസ്ഥയില്‍ സ്വദേശി അനുപാദം പരഗണിക്കുന്നതിനുള്ള ജീവനക്കാരുടെ പ്രായ പരിധി മന്ത്രാലയം നിശ്ചയിച്ച് നല്‍കി. നിതാഖാത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്വദേശി ജീവനക്കാരന് കുറഞ്ഞ പ്രായം 18 ആയും കൂടിയ പ്രായം 60 ആയുമാണ് പരിധി നിശ്ചയിച്ചത്. സ്ഥാപനങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവരെയും റിട്ടയര്‍മെന്റ് കഴിഞ്ഞവരെയും നിതാഖാത്തില്‍ ഉല്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മന്ത്രാലയം വിശദീകരണം നല്‍കിയത്.

സ്വദേശി അനുപാതത്തിന് പരിഗണിക്കുന്നവരുടെ ഏറ്റവും കുറഞ്ഞ പ്രായം പതിനെട്ട് വയസ്സ് പൂര്‍ത്തിയായിരിക്കണം. അത് പോലെ അറുപത് വയസ്സിന് മുകളിലുള്ളവരെയും സ്വദേശി അനുപാദത്തിന് പരിഗണിക്കില്ലെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. അടുത്തിടെയാണ് നിതാഖാത്ത് പദ്ധതിയിലെ സ്വദേശി ജീവനക്കാരുടെ മിനിമം വേതനം മന്ത്രാലയം ഉയര്‍ത്തിയിരുന്നത്. കുറഞ്ഞ ശമ്പളം മുവായിരം റിയാലായിരുന്നത് നാലായിരം റിയാലായാണ് ഉയര്‍ത്തിയത്.

ഇത് നടപ്പിലാക്കുന്നതിന് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി കഴിഞ്ഞിട്ടുണ്ട്. നാലായിരത്തില്‍ താഴെ ശമ്പളം വാങ്ങുന്ന സ്വദേശി ജീവനക്കാരനെ നിതാഖാത്തില്‍ ഒരു പൂര്‍ണ്ണ സ്വദേശിയായി പരിഗണിക്കില്ല. പകരം മൂവായിരത്തിനും നാലായിരത്തിനും ഇടിയിലാണ് വേതനമെങ്കില്‍ അര്‍ദ്ധ ജീവനക്കാരനായി പരിഗണിക്കും. മൂവായിരത്തില്‍ കുറവ് വേതനമുള്ളവരെ നിതാഖാത്തില്‍ പരഗണിക്കുകയും ഇല്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രായപരിധി കൂടി നിശ്ചയിച്ചു നല്‍കിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x