വിയന്ന: 2026 മുതല്‍ ഇന്ത്യക്കാര്‍ക്കും ഷെങ്കന്‍ വിസയ്ക്കായുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുളള്ളവര്‍ക്ക് വിസ ഫീസ് ഓണ്‍ലൈനായി അടക്കാനും, രേഖകള്‍ സമര്‍പ്പിക്കാനുമായി പ്രത്യേക പ്ലാറ്റ്ഫോം സജ്ജീകരിക്കുമെന്ന് കഴിഞ്ഞ ദിവസം യൂറോപ്യന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു.
ഓൺലൈൻ വിസ അപേക്ഷകൾക്കുള്ള പ്ലാറ്റ്ഫോം പൂർണ്ണമായി പ്രാബല്യത്തിൽ വന്നാൽ, ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഈ പ്ലാറ്റ്‌ഫോമിൽ അപേക്ഷാ ഫോം പൂരിപ്പിച്ച് അവരുടെ സ്കാൻ ചെയ്ത പാസ്‌പോർട്ടും മറ്റ് ആവശ്യമായ രേഖകളും അപ്‌ലോഡ് ചെയ്യാൻ കഴിയും. ബയോമെട്രിക്‌സ്, ഫോട്ടോ, വിരലടയാളം എന്നിവ സമർപ്പിക്കാൻ മാത്രം എംബസിയിൽ പോയാൽ മതിയാകും. അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രം ബയോമെട്രിക്‌സ്, ഫോട്ടോ, വിരലടയാളം എന്നിവ സമർപ്പിച്ചാൽ മതി.
ഈ സംവിധാനം വരുന്നതോടെ പാസ്‌പോർട്ടിൽ പതിക്കുന്ന ഷെങ്കന്‍ വിസ സ്റ്റിക്കർ ഉണ്ടാകില്ല. പകരം വിസ അനുവദിക്കുന്ന അംഗരാജ്യത്തിന്റെ അധികാരിയുടെ ക്രിപ്റ്റോഗ്രാഫിക്കായി ഒപ്പിട്ട 2D ബാർകോഡിന്റെ രൂപത്തിൽ ആയിരിക്കും വിസ.
ഷെങ്കന്‍ വിസാ അപേക്ഷകളുടെ കാര്യത്തില്‍ ലോകത്തില്‍ തന്നെ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. കോവിഡിന് നിയന്ത്രണങ്ങൾ വരുന്നതിനു മുൻപുള്ള 2019 ല്‍ മാത്രം 1,141,705 ഷെങ്കന്‍ വിസാ അപേക്ഷകളാണ് ഇന്ത്യയില്‍ നിന്നും നല്‍കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.