ഷാര്‍ജ: ലോകത്തിലെ അപൂര്‍വ ക്ലാസിക് വിന്റേജ് കാറുകളുടെ പ്രദര്‍ശനം ഖോര്‍ഫക്കാന്‍ ബീച്ചില്‍ നാളെ. അടുത്തമാസം 19ന് അല്‍ ബദായര്‍ റിട്രീറ്റ്, മാര്‍ച്ച് 26ന് ‘അല്‍ ബെയ്ത്’ ഹോട്ടല്‍ പരിസരം, ഏപ്രില്‍ 2ന് ഫ്‌ലാഗ് ഐലന്‍ഡ് എന്നിവിടങ്ങളിലും ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകിട്ട് 6വരെയാണ് പ്രദര്‍ശനം. ഭക്ഷണശാലകളും കുട്ടികളുടെ ഉല്ലാസകേന്ദ്രങ്ങളും ഇതോടനുബന്ധിച്ചുണ്ട്.
‘ഓള്‍ഡ് കാര്‍സ് ക്ലബു’മായി സഹകരിച്ച് ഷാര്‍ജ നിക്ഷേപവികസന വകുപ്പ് (ഷുറൂഖ്) സംഘടിപ്പിക്കുന്ന മേളയില്‍ സ്വകാര്യ വ്യക്തികളുടെ ശേഖരത്തില്‍ നിന്നടക്കമുള്ള ലോകോത്തര ബ്രാന്‍ഡുകള്‍ സൗജന്യമായി കാണാനും കൂടുതല്‍ അറിയാനും അവസരം ലഭിക്കും. ഇവയില്‍ പലതും നിരത്തുകളില്‍ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു.
1923 മുതല്‍ 1989 വരെയുള്ള ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍വരെ മേളയില്‍ ഉണ്ടാകുമെന്ന് ഓള്‍ഡ് കാര്‍സ് ക്ലബ് ചെയര്‍മാന്‍ ഡോ. അലി അഹമ്മദ് അബു അല്‍ സൂദ് പറഞ്ഞു. ഇവയിലേറെയും പുതിയ തലമുറയ്ക്കു പരിചിതമല്ല. ഈ മോഡലുകള്‍ക്ക് ഇന്നും ആവശ്യക്കാരേറെയാണെന്നു ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം നടത്തിയ കാര്‍ മേളയ്ക്ക് ലഭിച്ച വന്‍സ്വീകാര്യത കണക്കിലെടുത്താണ് വീണ്ടും മേള.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.