ഓസ്‌ട്രേലിയ: സൗത്ത് ഓസ്ട്രേലിയയില്‍ ഗര്‍ഭഛിദ്രം ഇനി ക്രിമിനല്‍ കുറ്റമല്ല. സൗത്ത് ഓസ്ട്രേലിയയില്‍ ഗര്‍ഭഛിദ്രം കുറ്റകൃത്യമല്ലാതാക്കുന്നത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ അധോസഭയില്‍ കഴിഞ്ഞ മാസം പാസായിരുന്നു. ബില്‍ ഇപ്പോള്‍ ഉപരിസഭയിലും പാസായതോടെയാണ് ഇത് നിയമമായത്.
പുതിയ മാറ്റമനുസരിച്ച് ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റമായി കണക്കാക്കില്ല. മറിച്ച് ഇതൊരു ആരോഗ്യപ്രശ്‌നമായാണ് കണക്കാക്കുന്നത്. ഗര്‍ഭാവസ്ഥയുടെ 22 ആഴ്ചയും ആറ് ദിവസവും വരെ ആരോഗ്യ വിദഗ്ധന് ഗര്‍ഭഛിദ്രം ചെയ്യാന്‍ നിയമം അനുവാദം നല്‍കുന്നു. ഈ സമയത്തിന് ശേഷമാണ് ഗര്‍ഭഛിദ്രം ചെയ്യേണ്ടതെങ്കില്‍ ഡോക്ടര്‍ മറ്റ് ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുകയും ഗര്‍ഭഛിദ്രം ചെയ്യുന്നത് വഴി രോഗിക്ക് ജീവഹാനിയോ മറ്റ് ശാരീരികമോ മാനസികമോ ആയ പ്രശ്‌നങ്ങളോ ഒന്നും ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. ഇതിന് ശേഷം മാത്രമേ ഗര്‍ഭഛിദ്രം ചെയ്യാന്‍ അനുവാദമുള്ളൂ.
വിക്ടോറിയ, ക്വീന്‍സ്ലാന്റ്, ന്യൂ സൗത്ത് വെയില്‍സ് എന്നീ സംസ്ഥാനങ്ങളില്‍ ഈ നിയമം നേരത്തെ നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൗത്ത് ഓസ്ട്രേലിയയും ഇപ്പോള്‍ നിയമം പാസാക്കിയിരിക്കുന്നത്.
അതേസമയം സൗത്ത് ഓസ്ട്രേലിയയിലെ സ്ത്രീകള്‍ക്ക് ഇതൊരു ചരിത്ര ദിനമാണെന്ന് അറ്റോണി ജനറല്‍ വിക്കി ചാപ്മാന്‍ പറഞ്ഞു. നിരവധി സാഹചര്യങ്ങള്‍ മൂലമാകാം ഒരാള്‍ ഗര്‍ഭഛിദ്രം ചെയ്യാന്‍ തയ്യാറാവുന്നതെന്നും ആരോഗ്യ സംരക്ഷണം ആവശ്യമായ എല്ലാവര്‍ക്കും ഇത് ലഭ്യമാക്കുന്നതില്‍ ഈ ബില്‍ പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണെന്നും ബില്ലിനെ പിന്തുണയ്ക്കുന്ന ഫെയര്‍ അജണ്ട ഗ്രൂപ്പിലെ റെനി കാര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.