ബഹ്റൈനില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം കര്‍ശനമാക്കി. സാമൂഹിക അകലം പാലിക്കുന്നതിലുള്ള വീഴ്ചകള്‍ കണ്ടെത്താന്‍ പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ 15,666 കേസുകളാണ് ഇതുവരെയായി ബഹ്റൈനില്‍ രജിസ്റ്റര്‍ ചെയ്തത്.
ഒമാനില്‍ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ഒമാന്‍ സുപ്രിം കമ്മറ്റി. ഇതിന്റെ ഭാഗമായി മുഖാവരണം ധരിക്കാത്തവര്‍ക്കുള്ള പിഴ നൂറ് ഒമാനി റിയാലായി ഉയര്‍ത്തി. നേരത്തെ 20 ഒമാനി റിയല്‍ മാത്രമായിരുന്നു ഇതിനുള്ള പിഴ.
ഖത്തറില്‍ മാസ്ക് ധരിക്കണമെന്ന നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും രണ്ട് ലക്ഷം റിയാല്‍ പിഴയും. രാജ്യത്ത് കോവിഡ് 19 വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ പൊതുസ്വകാര്യ മേഖലകളില്‍ മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് പകര്‍ച്ചവ്യാധികള്‍ തടയുന്നതുമായി ബന്ധപ്പെട്ട 1990ലെ 17ാം നമ്പര്‍ നിയമപ്രകാരമാണ് നടപടികള്‍.