Currency

പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്സീന്‍ വാങ്ങാന്‍ തയാറായി ബ്രിട്ടണ്‍

സ്വന്തം ലേഖകന്‍Wednesday, March 3, 2021 3:17 pm

ലണ്ടന്‍: ആസ്ട്ര സെനകയുടെ സഹകരണത്തോടെ പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്സീന്‍ വാങ്ങാനൊരുങ്ങി ബ്രിട്ടണ്‍. 10 മില്യണ്‍ ഡോസുകളായിരിക്കും ഇന്ത്യയില്‍ നിന്ന് ബ്രിട്ടണ്‍ വാങ്ങുക. ചൊവ്വാഴ്ചയാണ് ബ്രിട്ടീഷ് ആരോഗ്യമന്ത്രാലയം ഇതുസംബന്ധിച്ചുളള തീരുമാനം അറിയിച്ചത്. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും, ആസ്ട്ര സെനകയും ചേര്‍ന്നാണ് കോവിഷീല്‍ഡ് വാക്സീന്‍ വികസിപ്പിച്ചത്.

മറ്റ് വാക്സീനുകളുമായി താരതമ്യപ്പെടുത്തിയാല്‍ വിലക്കുറവുളള കോവിഡ് വാക്സീനാണ് കോവിഷീല്‍ഡ്. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന നിരവധി രാജ്യങ്ങളിലേക്ക് ഇതിനോടകം കോവിഷീല്‍ഡ് വാക്സീന്‍ ഇന്ത്യ കയറ്റുമതി ചെയ്ത് കഴിഞ്ഞു. വികസ്വര രാജ്യങ്ങളിലേക്ക് വാക്സീന്‍ എത്തിക്കുന്ന കോവാക്സ് പദ്ധതിയുടെ ഭാഗമായാണിത്.

ബ്രിട്ടണിലെ മെഡിക്കല്‍ റെഗുലേറ്ററി ഏജന്‍സി കോവിഷീല്‍ഡിന് അടിയന്തര അനുമതി നല്‍കിയിരുന്നു. വികസ്വര രാജ്യങ്ങള്‍ക്ക് പിന്നാലെ വികസിത രാജ്യങ്ങളും ഇപ്പോള്‍ കോവിഷീല്‍ഡ് വാക്സീന് വലിയ പരിഗണന നല്‍കുന്നുണ്ട്. കാനഡയ്ക്ക് പിന്നാലെ ഇന്ത്യയില്‍ നിന്ന് വാക്സീന്‍ വാങ്ങുന്ന രണ്ടാമത്തെ വികസിത രാജ്യമാണ് ബ്രിട്ടണ്‍.

വാക്സീന്‍ വിതരണവുമായി ബന്ധപ്പെട്ട് സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബ്രിട്ടണ്‍ ധാരണയിലെത്തിയിട്ടുണ്ട്. വാക്സീനേഷന്‍ ആരംഭിച്ചതിനുശേഷം രണ്ടു കോടി പേര്‍ക്ക് ഇതിനോടകം ബ്രിട്ടണ്‍ വാക്സീന്‍ നല്‍കി കഴിഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x