ലണ്ടന്‍: തിങ്കളാഴ്ച മുതല്‍ വിദേശങ്ങളില്‍ നിന്നും ബ്രിട്ടനിലെത്തുന്ന എല്ലാവര്‍ക്കും പത്തുദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കും. വിദേശങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഇത് ബാധകമാകും. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് പിസിആര്‍ പരിശോധനയ്ക്കു വിധേയമായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമാകും ബ്രിട്ടനിലേക്ക് യാത്രയ്ക്ക് അനുമതിയുണ്ടാകുക.
ക്വാറന്റീനില്‍ കഴിയുന്നവര്‍ അഞ്ചാം ദിവസം വീണ്ടും പരിശോധനയ്ക്കു വിധേയരായി നെഗറ്റീവ് ഫലം ലഭിച്ചാല്‍ പുറത്തിറങ്ങാം. ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം ബ്രിട്ടനിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇത്തരം വൈറസുകളുടെ വ്യാപനം സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന ആശങ്കയാണ് സര്‍ക്കാരിനെ കര്‍ശന നടപടികള്‍ക്ക് പ്രേരിപ്പിച്ചത്.
വാക്‌സീനേഷന്‍ നടപടികള്‍ അതിവേഗം പുരോഗമിക്കുന്ന ബ്രിട്ടനില്‍ ഇതിനോടകം മുപ്പത്തിരണ്ടു ലക്ഷത്തിലധികം ആളുകള്‍ക്ക് വാക്‌സീന്റെ ആദ്യഡോസ് നല്‍കി കഴിഞ്ഞു. 80 വയസിനു മുകളിലുള്ള രാജ്യത്തെ പകുതിയിലേറെ ആളുകളെ വാക്‌സീനേഷന് വിധേയമാക്കിയതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.