Currency

കോവിഡ് വ്യാപനം: പൗരന്മാരോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് അമേരിക്ക

സ്വന്തം ലേഖകന്‍Thursday, April 29, 2021 11:37 am

വാഷിങ്ടണ്‍: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൗരന്മാരോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് അമേരിക്ക. ഇന്ത്യയിലേക്ക് യാത്ര ചെയ്യാതിരിക്കുകയാണ് സുരക്ഷിതമെന്നും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് അറിയിക്കുന്നു. ഇന്ത്യയിലെ കോവിഡ് ചികിത്സാ ബുദ്ധിമുട്ടുകളൊക്കെ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ആസ്ട്രേലിയ റദ്ദാക്കിയിരുന്നു.

അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിനം രാജ്യത്ത് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്. 3645 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,04,832 ആയി. പുതിയ രോഗികളുടെ 73.59 ശതമാനവും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x