Currency

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് ടി.പി സെന്‍കുമാറിനെ നിലനിറുത്തണമെന്ന് കേന്ദ്രസർക്കാർ

Garshom Editorial TeamSaturday, June 25, 2016 4:38 pm

ന്യൂഡല്‍ഹി: ഡി.ജി.പി ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ എൽ.ഡി.എഫ് സര്‍ക്കാര്‍ നടപടി ചട്ടലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഒരു പദവിയിൽ രണ്ട് വര്‍ഷമെങ്കിലും തുടരുന്നതിന് അനുവദിക്കണമെന്നാണ് ചട്ടമെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്ര സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൂലൈ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.
ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനെ സുപ്രീംകോടതി നിര്‍ദേശിച്ച ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് പദവിയിൽ നിന്ന് സംസ്ഥാന സർക്കാർ മാറ്റിയത് എന്ന് കേന്ദ്രം അറിയിച്ചു. ഈ നടപടി ചട്ടലംഘനമാണ്. ഒരു ഉദ്യോഗസ്ഥനെ രണ്ട് വര്‍ഷത്തിന് മുമ്പ് മാറ്റണമെങ്കിൽ കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തണമെന്നാണ് സുപ്രീംകോടതിയുടെ ചട്ടം പറയുന്നത്. സെൻകുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്തപ്പോള്‍ ഈ നടപടി പാലിക്കപ്പെട്ടില്ലെന്ന് അഭിഭാഷകന്‍ ട്രൈബ്യൂണലിനെ അറിയിച്ചു. സ്ഥാനം മാറ്റുന്നതിൽ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകാതിരിക്കാനാണ് ഈ ചട്ടം കോടതി നിര്‍ദേശിച്ചതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പുതിയ ഇടതുപക്ഷ സർക്കാർ കേരളത്തിൽ അധികാരത്തിലേറിയ ഉടനെയാണ് സെന്‍കുമാറിനെ നീക്കി ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവി സ്ഥാനത്ത് നിയമിച്ചത്. ഇതേതുടർന്നാണ് സെന്‍കുമാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. സര്‍വീസ് പൂർത്തിയാക്കുന്നതിന് ഒരു വര്‍ഷത്തെ കാലയളവ് കൂടി സെന്‍കുമാറിനുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x