
മനാമ: ബഹ്റൈനിലെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന സ്വദേശികളല്ലാത്ത വിദ്യാർത്ഥികളിൽ നിന്നും പ്രത്യേക ഫീസ് ഈടാക്കാൻ നീക്കം. പബ്ലിക് സ്‌കൂളുകളിൽ പഠിക്കുന്ന വിദേശികളായ വിദ്യാർത്ഥികൾക്ക് നിർബന്ധമായും ഫീസ് ഏർപ്പെടുത്തണമെന്ന നിർദേശം എം.പി ജലാൽ ഖാദിം മുന്നോട്ട് വെച്ചിട്ടുണ്ട്. 400 ദിനാർ വാർഷിക ഫീസ് ഏർപ്പെടുത്താനാണ് നിർദേശം.
വർഷങ്ങളായി മറ്റു ജി.സി.സി രാജ്യങ്ങളിൽ വിദേശികളായ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം അനുവദിക്കാറില്ല എന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇത്തരമൊരു നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവിൽ രാജ്യത്തെ പബ്ലിക് സ്‌കൂളുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും പ്രാഥമിക വിദ്യാഭ്യാസവും (പ്രൈമറി, ഇന്റർമീഡിയറ്റ്), സെക്കന്ററി വിദ്യാഭ്യാസവും സൗജന്യമാണ്.
നിർദ്ദേശം ഉടൻ തന്നെ പ്രതിനിധിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും എം.പി ജലാൽ ഖാദിം അറിയിച്ചിട്ടുണ്ട്. 16,000ത്തോളം വിദേശ വിദ്യാർഥികൾ രാജ്യത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 400 ദിനാർ ഫീസ് ഏർപ്പെടുത്തുന്നതിലൂടെ 6.7 മില്യൺ ദിനാർ വരുമാനം രാജ്യത്തിന് ലഭിക്കുമെന്നാണ് എം.പിയുടെ വാദം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.