Currency

2000 രൂപ വരെയുള്ള കാര്‍ഡ് ഇടപാടുകള്‍ക്ക് ഇനി സേവന നികുതിയില്ല

സ്വന്തം ലേഖകന്‍Thursday, December 8, 2016 2:21 pm

ഇന്നു മുതല്‍ 2000 രൂപ വരെയുള്ള ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സേവന നികുതി നല്‍കേണ്ടതില്ല. പണരഹിത സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്‍കൈയ്യെടുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ നടപടിയും.

ന്യൂഡല്‍ഹി: കാര്‍ഡ് ഇടപാടുകളിലെ സേവന നികുതി സര്‍ക്കാര്‍ ഒഴിവാക്കി. ഇന്നു മുതല്‍ 2000 രൂപ വരെയുള്ള ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സേവന നികുതി നല്‍കേണ്ടതില്ല. പണരഹിത സമ്പദ്‌വ്യവസ്ഥയ്ക്ക് മുന്‍കൈയ്യെടുക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ നടപടിയും. കാര്‍ഡ് ട്രാന്‍സാക്ഷനുകള്‍ക്ക് 15% വരെ സേവന നികുതിയാണ് ഇതുവരെ ഈടാക്കി വന്നിരുന്നത്. പണരഹിത ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് കേന്ദ്രസര്‍ക്കാര്‍ സേവന നികുതിയില്‍ ഇളവേര്‍പ്പെടുത്തിയത്. പണ ഇടപാടുകളില്‍ നിന്നും പൂര്‍ണമായും ഡിജിറ്റല്‍ ഇക്കണോമിയിലേക്കുള്ള മാറ്റത്തിനുള്ള ചുവെടുവെപ്പാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം.

നോട്ട് നിരോധനത്തിന് പിന്നാലെ പണരഹിത സമ്പദ് വ്യവസ്ഥയെ പ്രോല്‍സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ ആഹ്വാനവുമുണ്ടായിരുന്നു. മൊബൈല്‍ ബാങ്കിങിലൂടെ നോട്ട് അസാധുവാക്കലിന്റെ പ്രതിസന്ധി ഒഴിവാക്കാന്‍ സാധാരണക്കാര്‍ പരിശ്രമിക്കണമെന്നായിരുന്നു നരേന്ദ്ര മോഡിയുടെ ഉപദേശം.

ചെറിയ ചെറിയ ഇടപാടുകള്‍ക്ക് സേവന നികുതി പ്രതിസന്ധിയാവാതിരിക്കാനാണ് 2000 വരെയുള്ള കാര്‍ഡ് ഇടപാടുകളെ സര്‍വ്വീസ് ടാക്‌സില്‍ നിന്ന് ഒഴിച്ചു നിര്‍ത്തിയത്. സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണ പ്രകാരം നോട്ട് അസാധുവാക്കലുണ്ടാക്കിയ പണ ദൗര്‍ലഭ്യം ലോകത്തിലെ വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയുടെ കിതപ്പിന് ഇടയാക്കിയെന്നാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x