Currency

പൊതുമാപ്പ്: എക്‌സിറ്റ് നേടിയിട്ടും രാജ്യത്ത് തുടരുന്നവര്‍ നിയമ നടപടി നേരിടേണ്ടിവരും

സ്വന്തം ലേഖകന്‍Saturday, May 27, 2017 1:06 pm

എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴിലെടുക്കാനോ ഉംറ യാത്രക്കോ അനുമതിയില്ല. രേഖകള്‍ പൂര്‍ത്തീകരിച്ച് രാജ്യത്ത് തങ്ങുന്നവര്‍ പിടിക്കപ്പെട്ടാല്‍ പിഴയും തടവും അനുഭവിക്കേണ്ടിവരും. നിയമ ലംഘകര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം രാജ്യം വിടണമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം നിര്‍ദ്ദേശം നല്‍കി.

റിയാദ്: പൊതുമാപ്പ് ആനുകൂല്യത്തില്‍ എക്‌സിറ്റ് നേടിയിട്ടും രാജ്യം വിടാതെ തുടര്‍ന്നും കഴിയുന്നവര്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴിലെടുക്കാനോ ഉംറ യാത്രക്കോ അനുമതിയില്ല. രേഖകള്‍ പൂര്‍ത്തീകരിച്ച് രാജ്യത്ത് തങ്ങുന്നവര്‍ പിടിക്കപ്പെട്ടാല്‍ പിഴയും തടവും അനുഭവിക്കേണ്ടിവരും. നിയമ ലംഘകര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം രാജ്യം വിടണമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം നിര്‍ദ്ദേശം നല്‍കി.

കാലാവധി കഴിയുന്നവരെ വിരലടയാളം രേഖപ്പെടുത്തി രാജ്യത്തേക്ക് തിരിച്ചുവരാന്‍ കഴിയാത്ത രീതിയിലാണ് നാടുകടത്തുകയെന്നും പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ഉംറ നിര്‍വ്വഹിക്കുന്നതിന് പുറപ്പെട്ട ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ പിടിക്കപ്പെട്ടതായി കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഇത്തരം പ്രവൃത്തികളില്‍ നിന്ന് ഇന്ത്യക്കാര്‍ വിട്ടു നില്‍ക്കണമെന്ന് അംബാസഡര്‍ അഹ്മദ് ജാവേദ് ആവശ്യപ്പെട്ടു. എക്‌സിറ്റ് നേടിയിട്ടും രാജ്യം വിടാതെ തങ്ങുന്നവരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പരിശോധന ഊര്‍ജ്ജിതമാക്കുമെന്നാണ് സൂചന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x