Currency

വര്‍ഗീയ അധിക്ഷേപം; വിദ്യാര്‍ത്ഥിനിക്കെതിരെ നടപടി

Friday, September 30, 2016 12:52 pm

പ്രയറി വ്യൂ ആന്‍ഡ്‌ എ.എം യൂണിവേഴ്സിറ്റിയിലെ വെളുത്ത വിദ്യാര്‍ത്ഥിനിയാണ് മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച നിലയിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തത്

പ്രയറി വ്യൂ ആന്‍ഡ്‌ എ.എം യൂണിവേഴ്സിറ്റിയിലെ വെളുത്ത വിദ്യാര്‍ത്ഥിനിയാണ് മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച നിലയിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തത്. ചിത്രത്തിലുള്ള പെണ്‍കുട്ടി പുതിയതായി യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നതാണെന്നും സോക്കര്‍ ടീമില്‍ അംഗമാണെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. കറുത്ത വര്‍ഗക്കാരെ അപമാനിക്കുകയാണെന്ന് പറഞ്ഞ് ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിട്ടുണ്ട്.

കറുത്ത ടേപ്പ് കൊണ്ട് മുഖം മറച്ച് “നിങ്ങള്‍ ഒരു എച്ച്.ബി.സി.യു. യില്‍ ചേര്‍ന്ന് പഠിക്കാന്‍ ശ്രമിക്കുമ്പോള്‍” എന്ന തലവാചകത്തോട് കൂടിയാണ് വിദ്യാര്‍ത്ഥി ചിത്രം പോസ്റ്റ്‌ ചെയ്തത്. ചരിത്രപരമായി ആഫ്രോ അമേരിക്കകാരെ പഠിപ്പിക്കാനായി 1964ന് മുന്‍പായി രൂപപ്പെട്ട യൂണിവേഴ്സിറ്റിയാണ് എച്ച്.ബി.സി.യു(Historically Black College and University).

കറുത്ത വര്‍ഗക്കാരെ അപമാനിക്കുവാനായുള്ള ഇത്തരം നടപടികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് ഖേദകരമാണ്. ചിത്രം വൈറലായതോടെ കുട്ടിയെ പിരിച്ചു വിടണമെന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ട് കോളുകളും മറ്റും സ്കൂള്‍ അധികൃതര്‍ക്ക് ലഭിക്കുകയുണ്ടായി. കുട്ടിക്കെതിരെ കടുത്ത നടപടികള്‍ എടുക്കാന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം. 

വാക്കുകളാലും കാരിക്കേച്ചറുകളായും പല വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ട് വര്‍ഗപരമായ അധിക്ഷേപങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ ഉള്ള ഇത്തരം കാര്യങ്ങള്‍ വളരെയധികം വേദനിപ്പിക്കുന്നു എന്ന് ഒരു പ്രഫസര്‍ പറഞ്ഞു. ഇത്തരം പ്രവണതകള്‍ തടയേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു. 140 വര്‍ഷത്തെ ചരിത്രമുള്ള യൂണിവേഴ്സിറ്റിയില്‍ ഇത്തരമൊരു സംഭവം നടന്നതിനെ അവര്‍ അപലപിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x