Currency

പൌണ്ടിന്‍റെ മൂല്യം കുറയുന്നു; ബ്രിട്ടീഷ് ജനത കടക്കെണിയില്‍

Wednesday, August 24, 2016 9:44 am

യുകെയില്‍ വേതനത്തിന്റെ മൂല്യം കുറയുന്നതിനോടനുബന്ധിച്ച് 1.6 മില്ല്യന് ജനങ്ങള്‍ കടക്കെണിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യുകെയില്‍ വേതനത്തിന്റെ മൂല്യം കുറയുന്നതിനോടനുബന്ധിച്ച് 1.6 മില്ല്യന് ജനങ്ങള്‍ കടക്കെണിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുകെയിലെ കുടുംബങ്ങളുടെ ദുര്യോഗത്തെ കുറിച്ച് തൊഴിലാളി യൂണിയനുകളായ ടിയുസിയും, യൂനിസണും ചേര്‍ന്ന് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടാണ് ഇത് വെളിപ്പെടുത്തുന്നത്. 2013 മുതല്‍ 2015 വരെയുള്ള മൂന്ന് വര്‍ഷത്തിനകം യുകെയിലെ കുടുംബങ്ങളുടെ കടം 48 ബില്ല്യന്‍ പൌണ്ടില്‍ നിന്ന് 353 ബില്ല്യന്‍ പൌണ്ടായി ഉയ്യര്ന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സുരക്ഷിതത്വമേ ഇല്ലാത്ത കടങ്ങളാണ് യുകെയിലെ കുടുംബങ്ങളെ കടക്കെണിയുടെ വക്കിലെത്തിക്കുന്നതെന്ന് പഠനം വെളിവാക്കുന്നു. ഈ കടങ്ങള്‍ വീട്ടാനായാണ് ഏകദേശം 3.2 മില്ല്യന്‍ കുടുംബങ്ങള്‍ തങ്ങളുടെ വരുമാനത്തിന്റെ നാലില്‍ ഒരു ഭാഗവും ചിലവാക്കുന്നത്. എന്നാല്‍ തീവ്ര പ്രശ്നത്തില്‍ അകപ്പെട്ട കുടുംബങ്ങള്‍ വരുമാനത്തിന്റെ നാല്പതു ശതമാനം ഇത്തരത്തിലുള്ള കടങ്ങള്‍ വീട്ടാനായ് ചിലവഴിക്കുന്നു. വേതനത്തിന്റെ മൂല്യത്തില് 2007നും 2015നും ഇടയില്‍ സംഭവിച്ച പത്തു ശതമാനത്തോളം വരുന്ന ഇടിവാണ് ഈ കടത്തിന്റെ ആഘാതം വര്ധിപ്പിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.

ക്രെഡിറ്റ് കാര്‍ഡുകളെയോ ലോണുകളെയോ പൂര്‍ണമായും ആശ്രയിക്കാന്‍ മിക്ക കുടുംബങ്ങള്‍ക്കും സാധിക്കാത്തതാണ് ഇവരില്‍ പലരെയും വേണ്ടത്ര ഭദ്രതയില്ലാത്ത കടബാധ്യതകളിലെക്ക് നയിക്കുന്നത്. ടിയുസി ജനറല്‍ സെക്രെടറി ഫ്രാന്‍സിസ് ഓ. ഗ്രാഡിയുടെ അഭിപ്രായപ്രകാരം ഇവരില്‍ പല കുടുംബങ്ങള്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന വേതനത്തിന് 2008ലെ സാമ്പത്തിക മാന്ദ്യത്തിനു മുന്പ് കിട്ടിക്കൊണ്ടിരുന്ന നാല്പതു പൌണ്ടിന്റെ മൂല്യം മാത്രമാണുള്ളത്. ഗവണ്‍മെന്റിന്റെ സാമ്പത്തിക നയത്തില്‍ ഉയര്‍ന്ന വേതനം കൂടി ഉള്‍പ്പെടുത്തേണ്ടത് ആവശ്യമെന്ന് ഇത് തെളിയിക്കുന്നു. ശമ്പളവര്‍ദ്ധനവ്‌ എല്ലാ വര്‍ഷവും നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം. ഇതിനോടൊപ്പം ദേശീയ തലത്തില്‍ ഏറ്റവും കുറഞ്ഞ വേതനത്തിന്റെ നിരക്ക് ഉയര്‍ത്തണമെന്നും യൂണിയനുകള്‍ സൂചിപ്പിക്കുന്നു.

അടിസ്ഥാനസൗകര്യപദ്ധതികളില്‍ പൊതുനിക്ഷേപത്തിന്റെ ആവശ്യകതയും ഇത് ചൂണ്ടിക്കാട്ടുന്നു. മെച്ചപ്പെട്ട ശമ്പളമുള്ള തൊഴിലവസരങ്ങള്‍ രൂപപ്പെടുത്തുന്നതിനും അതിലൂടെ ഭദ്രതയുള്ള ഒരു സമ്പദ് വ്യവസ്ഥയെ സൃഷ്ടിക്കുന്നതിനും ഇതിനു കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കടക്കെണിയിലാണ്ട് പോയ ഈ ദരിദ്രകുടുംബങ്ങളെ കരകയറ്റുവാനുള്ള പ്രത്യേക പദ്ധതികള്‍ അടിയന്തിരമായി സര്‍ക്കാര്‍ വിഭാവനം ചെയ്യേണ്ടതുണ്ട്. പോതുസേവനമേഖലയിലെ തൊഴിലാളികള്‍ക്ക് കഴിഞ്ഞ എട്ടു വര്‍ഷമായി ശമ്പളവര്‍ദ്ധനവ്‌ നടപ്പിലാക്കിയിട്ടില്ല.

നിലവിലെ സാഹചര്യത്തിന് മാറ്റം വരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടുവാടകയും ഗതാഗത നിരക്കുമെല്ലാം കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന കാലത്ത് സാധാരണ ജനങ്ങള്‍ കടക്കെണിയില്‍ അകപ്പെടുന്നതില്‍ അത്ഭുതമില്ലെന്നു റിപ്പോര്‍ട്ട് പറയുന്നു. സ്വന്തം കുട്ടികളുടെ ഭക്ഷണത്തിനാണോ അതോ വാടകയ്ക്കാണോ തങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതെന്ന ധര്‍മ സങ്കടത്തിലാണ് മിക്ക മാതാപിതാക്കന്മാരും എന്ന് പഠനം തെളിയിക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x