Currency

ബെംഗളുരുവില്‍ കുടിവെള്ളക്ഷാമത്തിന് സാദ്ധ്യത

Thursday, September 22, 2016 2:25 pm

കര്‍ണാടകയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നത് കുടിവെള്ള പ്രതിസന്ധിക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്

കര്‍ണാടകയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് താഴുന്നത് കുടിവെള്ള പ്രതിസന്ധിക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്. നഗരത്തിലേക്ക് പ്രധാനമായി ജലം എത്തിക്കുന്ന കൃഷ്ണരാജസാഗര്‍ അഥവാ കെ.ആര്‍.എസ്. അണക്കെട്ടില്‍ വെള്ളത്തിന്‍റെ അളവില്‍ ഏതാണ്ട് 20 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബെംഗളുരുവിനെ കാത്ത് ജലക്ഷാമമുണ്ടാകുമെന്നാണ് ഇത് തെളിയിക്കുന്നത്. 84.75 അടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അണക്കെട്ടില്‍ 106.57 അടി വെള്ളമുണ്ടായിരുന്നതായാണ് കണക്കുകള്‍ പറയുന്നത്.

ഈ പ്രശ്നം ഏറ്റവും വലിയ തിരിച്ചടി ആയേക്കുക വാട്ടര്‍ അതോറിട്ടിക്കാണ്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഈ അണക്കെട്ടില്‍ നിന്നുമുള്ള വെള്ളമാണ്. ഏതെങ്കിലും തരത്തിലുള്ള മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ ഇത് വലിയ തോതില്‍ ബുദ്ധിമുട്ടുണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്.

അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാല്‍ ജലദൌര്‍ലഭ്യം അനുഭവപ്പെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫ. രാമചന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി കെ.ആര്‍.എസ് അണക്കെട്ടില്‍ നിന്നുള്ള ജലം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി നല്‍കിയതിനു ശേഷം മാത്രമേ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് നല്‍കാവൂ എന്ന് അദ്ദേഹം പറഞ്ഞു.

ജലനിരപ്പ് കുറയുന്നതിന് പിന്നാലെ കാവേരീ നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം കൊടുക്കുന്നത് കൊണ്ടും പ്രശ്നം രൂക്ഷമാകാനാണ് സാദ്ധ്യത. ജലക്ഷാമം പരിഹരിക്കുന്നതിനായി മഴവെല്ലസംഭരണം ഏര്‍പ്പാടാക്കണമെന്നും ആവശ്യമുണ്ടാകുന്നുണ്ട്. നഗരത്തില്‍ ഒരു വര്‍ഷം ഏതാണ്ട് 700 മുതല്‍ 800 മില്ലിമീറ്റര്‍ വരെ മഴ കിട്ടുന്നുണ്ടെന്നാണ് കണക്ക്. മഴവെള്ളം ഉപയോഗിച്ച് 35 ടി.എം.സി. വരെ വെള്ളം ശേഖരിക്കാമെന്നാണ് വിദഗ്ധാഭിപ്രായം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x