Currency

കുട്ടികളുടെ ഗെയിം കളി; സൂക്ഷിച്ചാല്‍ ദുഖിക്കണ്ട

Sunday, September 4, 2016 2:52 pm

കുട്ടികളുടെ ഇ-ഗെയിമുകള്‍ അവരുടെ പ്രായത്തിന് നിരക്കുന്നതാണോ എന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം.

ദോഹ: കുട്ടികളുടെ ഇ-ഗെയിമുകള്‍ അവരുടെ പ്രായത്തിന് നിരക്കുന്നതാണോ എന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. ഗെയിമുകളുടെ സ്വഭാവത്തെ കുറിച്ചും അവ കുട്ടികളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചും ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.

ഓണ്‍ലൈന്‍ അല്ലാതെ ഡൗൺലോഡ് ചെയ്ത് മൊബൈലില്‍ ഉപയോഗിക്കാവുന്ന ഗെയിമുകളും ലഭ്യമാണ്. ഇവയുടെ സ്വഭാവം ചില ഐക്കണുകളിലൂടെയാകും സൂചിപ്പിക്കുക. ഇത്തരം ഐക്കണുകളെ കുറിച്ച് രക്ഷിതാക്കളില്‍ അവബോധമുണ്ടാക്കാനാണ് ഈ പോസ്റ്റ്.

ഓരോ ഗെയിമുകളുടെ സ്വഭാവവും വ്യത്യസ്തമാകും. ചിലത് മതവിശ്വാസത്തിന് എതിരാണെങ്കില്‍ മറ്റ് ചിലത് പ്രായത്തിന് ഇണങ്ങാത്തതാകും. ചില ഗെയിമുകള്‍ അശ്ലീല സ്വഭാവമുള്ളതാണ്. ഇത്തരം ഗെയിമുകള്‍ കളിക്കുന്നതില്‍ നിന്നും കുട്ടികളെ വിലക്കുവാനാണ് ഈ അറിയിപ്പ്.

ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഇലക്ട്രോണിക് ഗെയിംസ് സിംബല്‍സ് എന്ന അറിയിപ്പില്‍ ഗെയിമുകളില്‍ കാണുന്ന ഐക്കണുകളെ സംബന്ധിച്ച വിവരങ്ങളാണ് നല്‍കിയിട്ടുള്ളത്. റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ഭൂരിഭാഗം കുട്ടികളും ഏതാണ്ട് മൂന്ന്‍ മണിക്കൂര്‍ ഗെയിം കളിക്കാന്‍ ചിലവഴിക്കുന്നുണ്ട്. ചൈല്‍ഡ്ഹുഡ് കള്‍ച്ചറല്‍ സെന്‍റര്‍ നടത്തിയ പഠനത്തിലാണ് രാജ്യത്തെ 85 ശതമാനം കുട്ടികളും ഇലക്ട്രോണിക് ഗെയിമുകള്‍ കളിക്കുന്നതായി കണ്ടെത്തിയത്.

മിക്ക ഗെയിമുകളും ആക്രമണ മനോഭാവത്തെ വര്‍ധിപ്പിക്കുനതും കാഴ്ചപ്പാടുകളെ വികലമാക്കുന്നതുമാണ്. ഇതോടൊപ്പം ജീവിതശൈലീ രോഗങ്ങളായ അമിതവണ്ണം, അമിതഭാരം തുടങ്ങിയവയെല്ലാം കുട്ടികളില്‍ പ്രകടമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x