
റിയാദ്: വീട്ടുവേലക്കാരുടെ ഹുറൂബ് ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താന്‍ സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) നാല് നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഹുറൂബ് അഥവാ ഒളിച്ചോട്ടം ഇനി ഓണ്‍ലൈന്‍ വഴി റദ്ദ് ചെയ്യാനാവില്ല. തൊഴിലാളികളെ ഹുറൂബാക്കുന്ന സാഹചര്യങ്ങള്‍ പഠിച്ച ശേഷമാണ് ജവാസാത്ത് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്.
തൊഴിലാളി ഒളിച്ചോടുകയോ ജോലിക്ക് ഹാജരാകാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ സ്പോണ്‍സര്‍മാര്‍ ജവാസാത്തിന് നല്കുന്ന റിപ്പോട്ടാണ് ഹുറൂബ്. ഹുറൂബ് റിപ്പോര്‍ട്ട് സമര്പ്പിക്കന്നതോടെ തൊഴിലാളി നിയമവിരുദ്ധനാകും. പിന്നീട് അറസ്റ്റ് വരിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് പ്രധാന വഴി. വീട്ടുവേലക്കാരുടെ ഹുറൂബ് ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താനാണ് സൗദി പാസ്പോര്‍ട്ട് വിഭാഗത്തിന്റെ നാല് നിബന്ധനകള്‍.
1. തൊഴിലാളിയുടെ തിരിച്ചറിയല്‍ കാര്‍ഡ് അഥവാ ഇഖാമക്ക് കാലാവധിയുള്ളതായിരിക്കണം.
2. ഒരു ജോലിക്കാരനെക്കുറിച്ച് ഒരു തവണ മാത്രം ഓണ്‍ലൈന്‍ വഴി ഹുറൂബ് രേഖപ്പെടുത്തുക,
3. അബ്ഷിര്‍ വഴി ഹുറൂബ് റദ്ദ് ചെയ്യാതിരിക്കുക,
4. തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസ നല്കപ്പെട്ടവനല്ലാതിരിക്കുക. ഇവയാണ് നിബന്ധനകള്‍.
ഫൈനല്‍ എക്സിറ്റ് നല്‍കിയതിന് ശേഷം തൊഴിലുടമക്ക് വീട്ടുവേലക്കാരെ ഹുറൂബാക്കാനാവില്ലെന്നത് പ്രധാന നേട്ടമാകും. ഹുറൂബ് രേഖപ്പെടുത്തിയ ശേഷം ഓണ്‍ലൈന്‍ വഴിയോ അബ്ഷിര്‍ സംവിധാനം വഴിയോ ഹുറൂബ് റദ്ദ് ചെയ്യാനാവില്ലെന്നും ജവാസാത്ത് വൃത്തങ്ങള്‍ വിശദീകരിച്ചു. മറിച്ച് ഹുറൂബ് റദ്ദ് ചെയ്ത് വീട്ടുവേലക്കാരെ സേവനത്തില്‍ തിരിച്ചെടുക്കാന്‍ ഉദ്ദേശിക്കുന്ന തൊഴിലുടമ ജവാസാത്തിന്റെ കീഴിലുള്ള വിദേശികളുടെ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ‘വാഫിദീന്’ ഓഫീസില്‍ 15 ദിവസത്തിനകം നേരിട്ട് ഹാജരാവണം. 15 ദിവസം പിന്നിട്ട് ഹുറൂബ് റദ്ദ് ചെയ്യാനാവില്ലെന്നും ജവാസാത്ത് വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.