
റിയാദ്: സൗദി അറേബ്യയില്‍ മൂന്ന് മാസത്തെ പൊതുമാപ്പ് ഭരണകൂടം പ്രഖ്യാപിച്ചു. ജനുവരി 15 മുതല്‍ മൂന്ന് മാസത്തേക്കുള്ള പൊതുമാപ്പാണ് സൗദി പാസ്പോര്‍ട്ട് വിഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് അനധികൃതമായി തങ്ങുന്ന എല്ലാ വിദേശികള്‍ക്കും ഇളവ് ബാധകമാണ്. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ തങ്ങുന്ന ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കും പൊതുമാപ്പ് ബാധകമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അനധികൃത താമസക്കാരെ കയറ്റിവിടുമ്പോള്‍ വിരലടയാളം എടുത്ത് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്ന നടപടി പൊതുമാപ്പിന്റെ മൂന്ന് മാസകാലത്ത് സ്വീകരിക്കില്ലെന്നതാണ് ഏറ്റവും അനുകൂല ഘടകം. എന്നാല്‍, നിയമവിരുദ്ധ പിഴകളും ട്രാഫിക് നിയമലംഘനങ്ങളും ഇത്തരത്തില്‍ രാജ്യം വിടുന്നവര്‍ക്കും ബാധകമായിരിക്കും. ഇത്തരം പിഴകള്‍ക്ക് പൊതുമാപ്പില്‍ ഇളവ് നല്‍കിയിട്ടില്ല.
യാത്രാരേഖകളും ടിക്കറ്റും ഹാജരാക്കി, ലേബര്‍ ഓഫീസ് മുഖേന രേഖകള്‍ പൂര്‍ത്തീകരിച്ച് പാസ്പോര്‍ട്ട് ഓഫീസിനെ സമീപിച്ച് ഫൈനല്‍ എക്സിറ്റ് വാങ്ങിയാണ് അനധികൃതമായി തങ്ങുന്നവര്‍ രാജ്യം വിടേണ്ടത്. ലളിതമായ ഒമ്പത് നടപടികള്‍ പൂര്‍ത്തിയാക്കിയാണ് രാജ്യം വിടാനുള്ള രേഖകള്‍ പൂര്‍ത്തീകരിക്കേണ്ടതെന്ന് വിശദാംശത്തില്‍ പറയുന്നു. ഏപ്രില്‍ 12 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമവിരുദ്ധരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.