തൊഴിൽരഹിതരായ യുവാക്കൾക്ക് നൽകിവരുന്ന വേതനത്തിൽ ഓസ്ട്രേലിയ നിയന്ത്രണം ഏർപ്പെടുത്തുന്നു. തൊഴിലില്ലായ്മ വേതനത്തിനായി ഇനി യുവാക്കൾ അപേക്ഷ നൽകി ഒരു മാസം കാത്ത് നിൽക്കേണ്ടി വരും. സാമൂഹ്യ സേവന വകുപ്പ് മന്ത്രി ക്രിസ്റ്റ്യൻ പോർട്ടൽ നിലവിൽ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്ന ബെനിഫിറ്റുകൾ പലതും വെട്ടിക്കുറയ്ക്കുവാനുമുള്ള ശ്രമത്തിലുമാണ്.
സിഡ്നി: തൊഴിൽരഹിതരായ യുവാക്കൾക്ക് നൽകിവരുന്ന ആനുകൂല്യത്തിൽ ഓസ്ട്രേലിയ നിയന്ത്രണം ഏർപ്പെടുത്തുന്നു. തൊഴിലില്ലായ്മ വേതനത്തിനായി ഇനി യുവാക്കൾ അപേക്ഷ നൽകി ഒരു മാസം കാത്ത് നിൽക്കേണ്ടി വരും. രാജ്യത്തെ മൊത്തം തൊഴിൽരഹിതരുടെ എണ്ണത്തിൽ മഹാഭൂരിപക്ഷവും യുവാക്കൾ ആണെന്നും ഇവരിൽ മിക്കവരും ജീവിതത്തിൽ ഒരിക്കൽ പോലും തൊഴിൽ ചെയ്യാത്തവർ ആണെന്നുമിരിക്കെ അപേക്ഷിക്കുന്ന എല്ലാവർക്കും തൊഴിൽരഹിതവേതനം നൽകുക പ്രായോഗികമല്ലെന്നാണു സർക്കാർ പറയുന്നത്.
സാമൂഹ്യ സേവന വകുപ്പ് മന്ത്രി ക്രിസ്റ്റ്യൻ പോർട്ടൽ നിലവിൽ രാജ്യത്ത് നൽകിക്കൊണ്ടിരിക്കുന്ന ബെനിഫിറ്റുകൾ പലതും വെട്ടിക്കുറയ്ക്കുവാനുമുള്ള ശ്രമത്തിലുമാണ്. കൗമാരക്കാരായ മക്കളുള്ള സിംഗിൾ രക്ഷിതാവിനു ലഭ്യമായ ഫാമിലി ടാക്സ് ബെനിഫിറ്റ് $2832-ൽ നിന്നും $1000 ആയി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഒരു വയസ്സിനു താഴെ പ്രായമുള്ള രക്ഷിതാവിനു $1000 അധികം നൽകാനും തീരുമാനിച്ചു.
തൊഴിൽരഹിതർക്കുള്ള ആനുകൂല്യത്തിനു അപേക്ഷിക്കുന്ന യുവാക്കൾ തങ്ങൾക്ക് തൊഴിൽ ചെയ്യാൻ താല്പര്യമുള്ള വകുപ്പുകൾ, അറിയാവുന്ന തൊഴിലുകൾ എന്നീ കര്യങ്ങളും വ്യക്തമാക്കണം. അപേക്ഷ സമർപ്പിച്ച് നാലു ആഴ്ച കാത്തിരിക്കുകയും വേണം. മുൻ പ്രധാനമന്ത്രി ടോണീ അബ്ബോട്ട് ആറു മാസ കാലയളവ് ആയിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഒരു മാസമാക്കി ചുരുക്കി. അതേസമയം അടിയന്തര ഘട്ടങ്ങളിൽ തൊഴിൽരഹിതരായ യുവാക്കൾക്ക് ആനുകൂല്യം ഉടനടി ലഭ്യമാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.