Currency

തൊഴില്‍ ക്രമീകരണം: സര്‍ക്കാര്‍ മേഖലയില്‍ 3,140 വിദേശികളെ പിരിച്ചുവിട്ടു

സ്വന്തം ലേഖകന്‍Tuesday, August 28, 2018 1:10 pm

കുവൈത്ത് സിറ്റി: സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള നടപടികളെ തുടര്‍ന്ന് 3140 പ്രവാസികള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ നഷ്ടമായി. സര്‍ക്കാര്‍ മേഖലയില്‍ പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് ഇത്രയും പേരെ ഒഴിവാക്കിയതെന്ന് സിവില്‍ സര്‍വിസസ് കമീഷന്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ ജാസര്‍ വ്യക്തമാക്കി. 2017- 18 കാലയളവിലാണ് ഇവരെ ജോലിയില്‍നിന്ന് ഒഴിവാക്കിയത്.

വിവിധ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിട്ടത്. ആരോഗ്യ, ചികിത്സ മേഖലകളില്‍ ഒഴികെ പ്രവാസികളെ പിരിച്ചുവിട്ട് പകരം സ്വദേശികളെ തൊഴിലിനായി നിയമിക്കുകയാണ് ലക്ഷ്യം. പിരിച്ചുവിട്ട 3140 പേര്‍ അടക്കം 44,572 പേരാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്തിരുന്ന പ്രവാസികള്‍.

46 സര്‍ക്കാര്‍ വിഭാഗങ്ങളിലായാണ് ഇവര്‍ ജോലിചെയ്യുന്നത്. ഇതില്‍ 25,948 പേരും അധ്യാപനം, പരിശീലനം എന്നീ മേഖലകളിലാണുള്ളത്. 6474 പേര്‍ സേവന മേഖലയിലും 3537 പേര്‍ നിയമവും ഇസ്‌ലാമിക കാര്യ വിഭാഗത്തിലും പ്രവര്‍ത്തിക്കുന്നു. എന്‍ജിനീയറിങ് വിഭാഗത്തില്‍ 2876 പേരും സാമൂഹിക, വിദ്യാഭ്യാസ, കായിക മേഖലയില്‍ 1539 പേരും ജോലിചെയ്യുന്നുണ്ട്.

സാമ്പത്തിക, ധനകാര്യ, വാണിജ്യ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത് 1221 പ്രവാസികളാണ്. ഭരണപരമായ ജോലികളില്‍ 1130 പേരും ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജിയില്‍ 483 പേരും ജോലി ചെയ്യുന്നുണ്ട്. സാഹിത്യ, മീഡിയ, പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ 308, മാനുവല്‍ വര്‍ക്‌സില്‍ 377, ഫോറന്‍സിക് 221, കൃഷി, മൃഗക്ഷേമം എന്നിവയില്‍ 205, ശാസ്ത്ര മേഖലയില്‍ 212 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവര്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x