വർധിച്ച മെഡിക്കൽ ഫീസിൽ നിന്നും വിദേശികൾക്കു ഇളവ് നൽകാനുള്ള അധികാരം ആശുപത്രി മാനേജർമാർക്കും വാർഡ് മേധാവികൾക്കും നൽകിയിട്ടുണ്ട്.
കുവൈറ്റ് സിറ്റി: അടിയന്തിര, ഗുരുതര രോഗങ്ങൾക്കു ചികിത്സ തേടുന്ന വിദേശികളായ രോഗികളിൽ നിന്നും ഉയർന്ന ഫീസ് ഈടാക്കില്ലെന്നു കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. ജമാൽ അൽ-ഹർബി വ്യക്തമാക്കി. വർധിച്ച ഫീസിൽ നിന്നും വിദേശികൾക്കു ഇളവ് നൽകാനുള്ള അധികാരം ആശുപത്രി മാനേജർമാർക്കും വാർഡ് മേധാവികൾക്കും നൽകിയതായി ശനിയാഴ്ച പുറത്തുവിട്ട വാർത്താകുറിപ്പിൽ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അർബുദത്തിനു ചികിത്സതേടുന്ന പന്ത്രണ്ട് വയസ്സിൽ താഴെയുള്ള വിദേശികളുടെ മക്കൾ, കുവൈറ്റ് പൗരനെ വിവാഹം കഴിച്ച വിദേശി വനിത, കുവൈറ്റ് പൗരന്റെ മാതാവായ വിദേശി വനിത, കുവൈറ്റ് പൗരയായ യുവതിയ്ക്ക് വിദേശിയിൽ ജനിച്ച മക്കൾ എന്നിവർക്കു നിരക്ക് വർധനയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ്. അതേസമയം മെഡിക്കൾ ഇൻഷുറൻസ് ഫീയിൽ വർധനയില്ലെന്നു അധികൃതർ കൂട്ടിച്ചേർത്തു. വിദേശിക്ക് 50 ദിനാറും, ഭാര്യയ്ക്ക് 40 ദിനാറും കുഞ്ഞിനു 30 ദിനാറുമാകും ഇൻഷുറൻസ് നിരക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.