Currency

വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് ഹരിത ട്രൈബ്യൂണൽ ഉപാധികളോടെ അനുമതി നൽകി

സ്വന്തം ലേഖകൻFriday, September 2, 2016 1:41 pm

നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന മാലിന്യങ്ങള്‍ കടലിലൊഴുക്കാന്‍ പാടില്ല, പദ്ധതി പ്രദേശത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തണം, നിര്‍ദേശം ലംഘിച്ചാല്‍ തുറമുഖ നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.

ന്യൂഡൽഹി/തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ ഉപാധികളോടെ അനുമതി നൽകി. പാരിസ്ഥിക അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് നേരെത്തെ സമര്‍പ്പിച്ച ഹര്‍ജി റദ്ദാക്കിക്കൊണ്ട്; നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന മാലിന്യങ്ങള്‍ കടലിലൊഴുക്കാന്‍ പാടില്ല, പദ്ധതി പ്രദേശത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തണം, നിര്‍ദേശം ലംഘിച്ചാല്‍ തുറമുഖ നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.

ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ പ്രിന്‍സിപ്പല്‍ ബെഞ്ച് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കണമെന്ന ഉപാധിയും മുന്നോട്ട് വെച്ചിട്ടുണ്ട്. ഏഴംഗ വിദഗ്ധ സമിതിയില്‍ പരിസ്ഥിതി ശാസ്ത്രജ്ഞന്‍, സമുദ്രഗവേഷണ വിദഗ്ധന്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.  സമിതി ആറുമാസത്തിലൊരിക്കല്‍ ട്രൈബ്യൂണലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പദ്ധതി പ്രദേശത്തെ പവിഴപ്പുറ്റ് ഉള്‍പ്പടെയുള്ളവ സംരക്ഷിക്കണം.  മത്സ്യതൊഴിലാളികളുടെ ഉപജീവനത്തിന് പദ്ധതിയുമായ ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങളോ മറ്റു ഘടകങ്ങളോ തടസമാകരുത്. പദ്ധതി പ്രദേശത്തു നിന്ന് ആളുകളെ മാറ്റുന്നുണ്ടെങ്കില്‍ അവരെ പുനരധിവസിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്യമായ നിലപാടുണ്ടാകണം. അതിന് വിദഗ്ധ സമിതി മേല്‍നോട്ടം വഹിക്കുകയും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യണമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x