Currency

പൊതുമാപ്പിന് തണുപ്പന്‍ പ്രതികരണം; പിടിയിലായത് നിയമലംഘകരായ ഒരു ലക്ഷം പേര്‍

സ്വന്തം ലേഖകന്‍Friday, May 12, 2017 1:25 pm

ദശലക്ഷക്കണക്കിന് അനധികൃത താമസക്കാരും തൊഴില്‍, ഇഖാമ നിയമലംഘകരും രാജ്യത്തുണ്ടെന്നാണ് അധികൃതരുടെ കണക്ക്. എന്നാല്‍ പ്രതീക്ഷിച്ചതിന്റെ അഞ്ച് ശതമാനം നിയമലംഘകര്‍ മാത്രമാണ് നാടുകടത്തല്‍ കേന്ദ്രങ്ങളെ സമീപിച്ചിട്ടുള്ളത്.

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന് ശേഷം പിടിയിലായത് നിയമലംഘകരായ ഒരു ലക്ഷം പേര്‍. പൊതുമാപ്പ് പ്രാബല്യത്തില്‍ വന്നതിന് ശേഷം രാജ്യത്ത് നടന്ന പരിശോധനയിലാണ് നിമയ ലംഘകരായ ഒരു ലക്ഷം പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി മുപ്പത്തി രണ്ടായിരം പേര്‍ സ്വന്തം നാടുകളിലേക്ക് തിരിച്ച്‌പോയതായും അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്ത് പൊതുമാപ്പ് കാലയളവിലും ശക്തമായ പരിശോധന നടക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരും. ജൂണ്‍ 24ന് (റമാദാന്‍ 29) പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമലംഘകര്‍ക്ക് നിയമാനുസൃതമായ പിഴയും തടവും നല്‍കുകയും സൗദിയിലേക്ക് വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.

ദശലക്ഷക്കണക്കിന് അനധികൃത താമസക്കാരും തൊഴില്‍, ഇഖാമ നിയമലംഘകരും രാജ്യത്തുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ഇതില്‍ 2.85ലക്ഷത്തോളം പേര്‍ ഹുറൂബ് രേഖപ്പെടുത്തപ്പെട്ടവരാണ്. ഇത്തരക്കാര്‍ക്ക് പിഴയും തടവും കൂടാതെ രാജ്യം വിടാനുളള അവസരമാണ് പൊതുമാപ്പിലൂടെ ലഭിച്ചിരിക്കുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിന്റെ അഞ്ച് ശതമാനം നിയമലംഘകര്‍ മാത്രമാണ് നാടുകടത്തല്‍ കേന്ദ്രങ്ങളെ സമീപിച്ചിട്ടുള്ളത്.

2013ലെ പൊതുമാപ്പ് 55 ലക്ഷം പേര്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ നിലവില്‍ പൊതുമാപ്പിനോട് തണുപ്പന്‍ പ്രതികരണമാണെന്ന് അധികൃതര്‍ തുറന്നടിച്ചു. അതേസമയം 23,000 ഇന്ത്യക്കാര്‍ ഔട്ട്പാസ് വാങ്ങി സൗദി വിടാന്‍ ഒരുങ്ങിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസിയെ ഉദ്ധരിച്ച് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x