Currency

കല്‍ബുര്‍ഗി വധത്തെ അപലപിച്ച് സമാധാന റാലി

Wednesday, August 31, 2016 1:08 pm

എഴുത്തുകാരനും പുരോഗമന ചിന്തകനും അധ്യാപകനുമായിരുന്ന കല്‍ബുര്‍ഗിയുടെ ജന്മനാടായ ധാര്‍വാഡില്‍ അദ്ദേഹത്തിന്‍റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സമാധാനറാലി നടന്നു

ബെംഗളുരു: എഴുത്തുകാരനും പുരോഗമന ചിന്തകനും അധ്യാപകനുമായിരുന്ന കല്‍ബുര്‍ഗിയുടെ ജന്മനാടായ ധാര്‍വാഡില്‍ അദ്ദേഹത്തിന്‍റെ ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് സമാധാനറാലി നടന്നു. ആയിരങ്ങളാണ് റാലിയില്‍ പങ്കെടുക്കാനായി പലയിടങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നത്.

2015 ആഗസ്റ്റ് 30നാണ് ധാര്‍വാഡിലെ വീട്ടില്‍ വച്ച് ഭക്ഷണം കഴിക്കുന്നതിനിടയില്‍ അജ്ഞാതരുടെ വെടിയേറ്റ് കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇതിനെതിരെയുള്ള പ്രതിഷേധ സൂചകമായാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും പുരോഗമന ചിന്തകരും സാഹിത്യകാരന്മാരും റാലിയില്‍ അണി നിരന്നത്.

കല്യാണ്‍ നഗറിലെ വസതിയില്‍ വച്ചാണ് കല്‍ബുര്‍ഗിക്ക് വെടിയേറ്റത്. അവിടെ നിന്ന് തുടങ്ങിയ റാലി ആര്‍.എസ്.എല്‍. കോളേജ് മൈതാനത്ത് അവസാനിച്ചു. അന്വേഷണം ത്വരിതഗതിയിലാക്കി കുറ്റവാളികളെ എത്രയും പെട്ടെന്ന്‍ നിയമത്തിന്‍റെ മുന്നില്‍ എത്തിക്കണം എന്നതായിരുന്നു റാലിയുടെ ഉദ്ദേശം. ഇതിനായി തലയില്‍ കറുത്ത റിബ്ബണ്‍ കെട്ടിയായിരുന്നു പ്രതിഷേധ പ്രകടനം. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐ.യെ ഏല്‍പിച്ചെങ്കിലും അന്വേഷണം തുടരാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. 

റാലിയില്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് എം.എം. കല്‍ബുര്‍ഗിയുടെയും അതെ രീതിയില്‍ തന്നെ കൊല്ലപ്പെട്ടവരായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദബോല്‍കര്‍ എന്നിവരുടെയും ഭാര്യമാരാണ്. ഇവരുടെ കേസുകളും ഇതുപോലെ തന്നെ വഴിമുട്ടി കിടക്കുകയാണ്. മൂന്ന്‍ കേസുകളിലും കൊലപാതകം നടത്താനുപയോഗിച്ച രീതി സമാനമാണെന്ന് മാത്രമാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.

തീവ്ര ഹിന്ദുത്വ വാദികളാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു നിഗമനം. കല്‍ബുര്‍ഗി വധത്തില്‍, ഭാര്യയുടെ നിര്‍ദ്ദേശമനുസരിച്ച് പ്രതിയുടെ രേഖാചിത്രം വരെ തയ്യാറാക്കിയതാണ്. എന്നിട്ടും പോലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. റാലിക്ക് ശേഷം പൊതുയോഗവും ഉണ്ടായി. സമ്മേളനത്തില്‍ സംസാരിച്ച പ്രമുഖര്‍ മതേതരവാദികള്‍ക്കും പുരോഗമണ ചിന്തകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളെ അപലപിച്ച് സംസാരിച്ചു.

കല്‍ബുര്‍ഗിയുടെ കൊലപാതകികളെ കണ്ടെത്താതെ ഇരുട്ടില്‍ തപ്പുന്ന നിയമത്തിനെ പ്രസിദ്ധ കന്നഡ എഴുത്തുകാരനായ ചന്ദ്രശേഖര്‍ പാട്ടീല്‍ അപലപിച്ചു. കൊലപാതകത്തിന് കാരണക്കാര്‍ മറ്റാരുമല്ല, മറിച്ച് ബ്രാഹ്മണ മത മൌലിക വാദികളോ വീരശൈവ ലിംഗായത്ത് മൌലികവാദികളോ ആണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചില സംഘടനകളുടെ നേതൃത്വത്തില്‍ ഹുബ്ബള്ളിയിലും നിശബ്ദ റാലിയും പ്രതിഷേധ പ്രകടങ്ങളും നടന്നു. കല്‍ബുര്‍ഗി സാഹിത്യ സംവാദ വേദിയുടെ നേതൃത്വത്തില്‍ ഹുബ്ബള്ളി മിനിവിധാന്‍ സൌധയിലെക്കാണ് റാലി നടന്നത്. ഈ രീതിയില്‍ മഹാരാഷ്ട്രയില്‍ നടന്ന മറ്റ് കൊലപാതകങ്ങള്‍ക്ക് ഉടന്‍ തന്നെ ഉത്തരം നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. കുറ്റവാളികളെ പിടികൂടണമെന്ന ആവശ്യം തഹസീല്‍ദാര്‍ക്ക് നിവേദനമായി നല്‍കുകയും ചെയ്തു.

അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലെയുള്ള ആക്രമണമായാണ് കല്‍ബുര്‍ഗിയുടെയും മറ്റ് ചിന്തകരുടെയും കൊലപാതകങ്ങളെ പുരോഗമന സമൂഹം കണ്ടത്. ഇതിനെ തുടര്‍ന്ന്‍ പ്രതിഷേധ സൂചകമായി കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എഴുത്തുകാര്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയും സ്ഥാനങ്ങള്‍ രാജി വച്ചുമാണ് പ്രതിഷേധിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x