Currency

ഒമാന്‍ നാഷണൽ മ്യൂസിയം ശനിയാഴ്ച മുതൽ പൊതുജനങ്ങൾക്കു സന്ദർശിക്കാം. പ്രവേശ ഫീസ് രണ്ടു റിയാൽ

Thursday, July 28, 2016 11:49 am

മസ്കറ്റ്: സുല്‍ത്താനേറ്റിന്‍െറ ചരിത്ര പൈതൃകങ്ങളുടെ അറിവുകള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കുന്ന ഒമാന്‍ ദേശീയ മ്യൂസിയം ശനിയാഴ്ച പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. കഴിഞ്ഞ ദേശീയ ദിനത്തിൽ ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ആണ് മ്യൂസിയത്തിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. അല്‍ ആലം കൊട്ടാരത്തിന് എതിര്‍വശത്താണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. 14 ഗാലറികളിലായാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. നൂറ്റാണ്ട് പഴക്കമുള്ള ചരിത്രശേഷിപ്പുകള്‍ തുടങ്ങി ആധുനിക കാലത്തിന്‍െറ അടയാളപ്പെടുത്തലുകള്‍ വരെ മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് ഡയറക്ടര്‍ ജമാല്‍ ആല്‍ മൂസാവി പറഞ്ഞു.

സ്വദേശികള്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും ഒരു റിയാലാണ് പ്രവേശ ഫീസ്. ഒമാനില്‍ താമസക്കാരായ വിദേശികള്‍ക്ക് രണ്ടു റിയാലും. 25 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍, വികലാംഗര്‍, 59 വയസ്സിന് മുകളില്‍ പ്രായമുള്ള സ്വദേശികള്‍ എന്നിവര്‍ക്ക് പ്രവേശം സൗജന്യമായിരിക്കും. എന്നാൽ വിദേശ സഞ്ചാരികള്‍ക്ക് മ്യൂസിയം സന്ദർശിക്കുന്നതിന് അഞ്ചു റിയാൽ പ്രവേശന ഫീസായി നൽകണം. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയായിരിക്കും മ്യൂസിയത്തില്‍ പ്രവേശനം. പ്രവേശ സമയം രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം മൂന്നുവരെ ആണ്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവേശനം അനുവദിക്കില്ല. 13,700 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള മ്യൂസിയത്തില്‍ നാലായിരം സ്ക്വയര്‍ മീറ്ററിലാണ് പ്രവേശ ഹാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

oman-measപുരാതന കാലത്ത് വേട്ടക്ക് ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, ചെമ്പു പീരങ്കികള്‍, യുദ്ധോപകരണങ്ങള്‍, പുരാതന കല്‍ ഗോപുരങ്ങള്‍, പുനരാവിഷ്കരിക്കപ്പെട്ട നൗകകള്‍, പുരാതന കാലം മുതലുള്ള പരമ്പരാഗത വസ്ത്രങ്ങള്‍ തുടങ്ങി ഏഴായിരത്തോളം അപൂര്‍വ കാഴ്ച വസ്തുക്കള്‍ മ്യൂസിയത്തിൽ ഉണ്ട്. പ്രദര്‍ശന ഹാളുകള്‍ക്ക് പുറമെ കഫേ, ഗിഫ്റ്റ് ഷോപ്പ്, പഠനകേന്ദ്രം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. അള്‍ട്രാ ഹൈഡെഫിനിഷന്‍ സിനിമ ഹാളും മ്യൂസിയത്തിന്‍െറ ഭാഗമാണ്. ഒമാനിലെ ആദ്യ അള്‍ട്രാ ഹൈഡെഫിനിഷന്‍ സിനിമ ഹാളാണിത്. ഒമാന്‍െറ ചരിത്രാതീതകാലം മുതലുള്ള പൈതൃകപ്പെരുമ പറയുന്ന ഹ്രസ്വചിത്രങ്ങള്‍ ഇവിടെ സന്ദര്‍ശകര്‍ക്കായി പ്രദർശിപ്പിക്കുന്നുണ്ട്.

അറബിക്കിന് പുറമെ ഇംഗ്ളീഷ്, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളിലും ഗൈഡുമാരുടെ സേവനം ലഭിക്കും. കണ്ണു കാണാത്തവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അറബിക് ബ്രെയില്‍ സിസ്റ്റം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിവര്‍ഷം ഒന്നര ലക്ഷത്തോളം സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x