
ജിദ്ദ: സൗദി അറേബ്യ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി പന്ത്രണ്ടു തരം സ്ഥാപനങ്ങളിലെ തൊഴിലുകള്‍ കൂടി സ്വദേശി പൗരന്മാര്ക്കായി സംവരണം ചെയ്തുകൊണ്ടുള്ള തീരുമാനം തൊഴില്‍, സാമൂഹിക വികസന മന്ത്രി ഡോ. അലി നാസര്‍ അല്‍ഖഫീസ് പുറപ്പെടുവിച്ചു. മലയാളികള്‍ കൂടുതല്‍ ജോലി ചെയ്യുന്ന മേഖലയായ കടകളിലെ ജോലികളാണ് പ്രധാനമായും സ്വദേശികള്‍ക്കായി മാറ്റിവെക്കുന്നത്. സെപ്റ്റംബര്‍ 11 മുതല്‍ അഞ്ചു മാസത്തിനുള്ളില്‍ ഘട്ടങ്ങളായാണു തീരുമാനം നടപ്പിലാക്കുക.
തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന ഊര്‍ജ്ജിത സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി. പുതിയ ഹിജ്റ വര്‍ഷാരംഭമായ സെപ്റ്റംബര്‍ 11ന് നാലും മൂന്നാം മാസം മൂന്നും അഞ്ചാം മാസം അഞ്ചും തരം കടകള്‍ എന്നിങ്ങനെയായിരിക്കും സൗദിവല്‍ക്കരണമെന്ന് മന്ത്രിതല തീരുമാനം പുറത്തു വിട്ടുകൊണ്ട് മന്ത്രാലയം ഔദ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
വാഹന വില്പന കേന്ദ്രങ്ങള്‍, വസ്ത്ര റെഡിമെയ്ഡ് കടകള്‍, വീട്ടുപകരണ കടകള്‍, പാത്രക്കടകള്‍ എന്നിവയിലെ ജോലിക്കാര്‍ 2018 സെപ്റ്റംബര്‍ 11 മുതല്‍ പൂര്‍ണമായും സ്വദേശികളായിരിക്കണം. ഇലക്ട്രോണിക് ഉപകരണ കടകള്‍, വാച്ച് കടകള്‍, കണ്ണട കടകള്‍ എന്നിവയിലെ സ്വദേശിവത്കണം 2018 നവംബര്‍ ഒമ്പത് മുതലാണ് പ്രാബല്യത്തില്‍ വരിക. മെഡിക്കല്‍ ഉപകരണ കടകള്‍, കെട്ടിടനിര്‍മാണ വസ്തുക്കളുടെ കടകള്‍, സ്പെയര്‍പാര്‍ട്സ് കടകള്‍, കാര്‍പറ്റ് കടകള്‍, ബേക്കറികള്‍ എന്നിവയില്‍ മൂന്നാംഘട്ടത്തില്‍ 2019 ജനുവരി ഏഴ് മുതല്‍ പൂര്‍ണമായും സ്വദേശികളായിരിക്കണമെന്നും മന്ത്രാലയ വക്താവ് വിശദീകരിച്ചു.
ഷോപ്പിങ് മാളുകളിലുള്ള കടകള്‍ക്കും ഒറ്റപ്പെട്ട കടകള്‍ക്കും നിയമം ബാധകമാണ്. അതേസമയം വനിതവത്കരണത്തിന്റെ ഭാഗമായി സ്വദേശി വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സ്വദേശിവത്കരണം മാറ്റമില്ലാതെ തുടരുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.