ബംഗളുരു: പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് ജനുവരി ഏഴു മുതല്‍ ഒമ്പത് വരെ ബംഗളുരുവില്‍ നടക്കും. ബംഗളുരു ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്റ്‌റിലാണ് കൺവെൻഷൻ നടക്കുക. വിദേശകാര്യവകുപ്പാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളത്തിന്റെ ഉദ്ഘാടനം വിദേശകാര്യ വകുപ്പ് മന്ത്രി ജനറൽ വി.കെ സിംഗ് നിർവ്വഹിക്കും.
സമ്മേളനത്തിന്റെ ആദ്യ ദിവസം യൂത്ത് പ്രവാസി ഭാരതീയ ദിവസ് ആയിരിക്കും. ഇന്ത്യയുടെ പുരോഗതിയിൽ പ്രവാസി യുവാക്കളുടെ പങ്ക്, പ്രവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സാഹചര്യം, ഇന്ത്യൻ സാമൂഹികാവസ്ഥയിൽ മാറ്റമുണ്ടാക്കിയ സ്റ്റാർട്ട്-അപ്പുകളും കണ്ടുപിടുത്തങ്ങളും തുടങ്ങിയ സെഷനുകൾ ആദ്യ ദിവസമുണ്ടായിരിക്കും.
ജനുവരി എട്ട് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. അന്നേ ദിവസം മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഉണ്ടായിരിക്കുന്നതാണ്. ഇന്ത്യയുടെ വികസനം, ആരോഗ്യ-ടൂറിസം രംഗത്ത് രാജ്യത്തെ മുന്നിലെത്തിക്കുക തുടങ്ങിയ കാര്യങ്ങളിൽ പ്രവാസികൾക്ക് ചെയ്യാനാകുന്നത് എന്തൊക്കെ എന്നിവയെ പറ്റിയുള്ള സെഷനുകളും കോൺസുലാർ സർവീസുകൾ പ്രവാസികൾക്ക് ഫലപ്രദമായി ലഭ്യമാക്കുന്ന സംബന്ധിച്ച ചർച്ചയും രണ്ടാം ദിവസം സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും.
സമ്മേലനത്തിന്റെ മൂന്നാം ദിവസം പ്രവാസി സംഘടനകൾ, കുടിയേറ്റ കാര്യങ്ങൾ, സോഷ്യൽ മീഡിയയും പ്രവാസിയും തുടങ്ങിയ വിഷയങ്ങളിലും സെഷനുകൾ ഉണ്ടായിരിക്കും. അന്നേ ദിവസം പ്രവാസി ഭരതീയ സമ്മാൻ വിതരണവും ഉണ്ടായിരിക്കുന്നതാണ്. രാഷ്ട്രപതി പ്രണാബ് മുഖർജി ചടങ്ങിൽ സംബന്ധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.