Currency

പ്രവാസി ഭാരതീയ ദിവസ് ജനുവരി ഏഴു മുതൽ ബംഗളൂരുവില്‍

സ്വന്തം ലേഖകൻSaturday, August 27, 2016 9:49 am

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ ദിവസ് ജനുവരി ഏഴുമുതല്‍ ഒമ്പതുവരെ ബംഗളൂരുവില്‍. പ്രവാസി സമൂഹവുമായുള്ള ബന്ധം പുനര്‍നിര്‍വചിക്കുകയെന്നതാണു സമ്മേളനത്തിന്റെ ചര്‍ച്ചാവിഷയം. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ ചേര്‍ന്ന് സമ്മേളന ലോഗോ പ്രകാശനം ചെയ്തു. 3000 പ്രതിനിധികള്‍ക്കു പുറമേ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളനത്തിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഇന്ത്യക്കാര്‍ക്കു 100 ഡോളറും വിദേശികള്‍ക്ക് 250 ഡോളറുമാണു റജിസ്ട്രേഷന്‍ ഫീസ്. ജനുവരി ഏഴിനു നടക്കുന്ന യുവജന പ്രവാസി സമ്മേളനത്തിന് 50 ഡോളര്‍, 100 ഡോളര്‍ എന്ന ക്രമത്തിലും. ഡിസംബര്‍ ഏഴുവരെ റജിസ്റ്റര്‍ ചെയ്യാം.

ഇന്ത്യന്‍ പ്രവാസി സമൂഹവുമായുള്ള ഇടപഴകല്‍ പുനര്‍നിര്‍വചിക്കുന്നതിലാണ് ബംഗളൂരു പ്രവാസി സമ്മേളനം കേന്ദ്രീകരിക്കുകയെന്ന് മന്ത്രി സുഷമാ സ്വരാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമ്മേളന മുദ്ര തയാറാക്കിയ കൊല്‍ക്കത്തക്കാരന്‍ തപാല്‍ അസിസ്റ്റന്റ് ദെബാശിഷ് സര്‍ക്കാറിനു സുഷമ പുരസ്കാരം നൽകി ആദരിച്ചു.

2015ലെ ഗുജറാത്ത് പ്രവാസി സമ്മേളനത്തിനുശേഷം വിപുല പരിപാടികള്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സമ്മേളനം ഇല്ലാത്ത വര്‍ഷങ്ങളില്‍ വിവിധ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച്‌ വിപുല ചര്‍ച്ച നടത്താനുമായിരുന്നു തീരുമാനം. ഇതുവരെ നടന്ന സമ്മേളനങ്ങള്‍ ലക്ഷ്യബോധമില്ലാത്ത ഉത്സവങ്ങളായിരുന്നുവെന്നു സുഷമ സ്വരാജ് പറഞ്ഞു.സെല്‍ഫിയെടുക്കുക, സദ്യ കഴിക്കുക തുടങ്ങിയ പതിവുകളാണ് അരങ്ങേറിയത്. പ്രവാസികള്‍ക്ക് ഗുണപരമായി ഒന്നുംചെയ്യാന്‍ പറ്റിയില്ല. അതില്‍നിന്ന് വ്യത്യസ്തമായി, വ്യക്തമായ കര്‍മപരിപാടികള്‍ ഇത്തവണയുണ്ടാവുമെന്നും അവർ കൂട്ടിച്ചേർത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x