
റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയ്ക്ക് വിദേശ റിക്രൂട്ടിങിന് വിസ അനുവദിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യം. ശൂറ കൗണ്‍സില്‍ അംഗവും സാമ്പത്തിക സഭ ഉപമേധാവിയുമായി ഡോ. ഫഹദ് അല്‍ ജുമുഅ ആണ് ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് ആവശ്യമുള്ളതിലധികം വിദേശി ജോലിക്കാര്‍ ഉണ്ടെന്നും ജോലിക്കാരുടെ ആവശ്യവും ലഭ്യതയും തമ്മിലുള്ള അന്തരമാണ് സ്വദേശികള്‍ക്ക് ജോലി ലഭിക്കാതിരിക്കാനുള്ള മുഖ്യ കാരണമെന്നും അദേഹം പറഞ്ഞു.
പദ്ധതികള്‍ക്ക് വിസ അനുവദിക്കുമ്പോള്‍ കാലാവധി നിര്‍ണയിച്ചുകൊണ്ട് വിസ അനുവദിക്കുകയും പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജോലിക്കാരെ തിരിച്ചയയ്ക്കുകയും ചെയ്യുന്ന സംവിധാനമുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറഞ്ഞ വേതനത്തിന് വിദേശി ജോലിക്കാരെ ലഭിക്കുന്നതാണ് സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് ജോലി സാധ്യത കുറയ്ക്കുന്ന മറ്റൊരു കാരണം. വിദേശികള്‍ക്ക് ലവി ഏര്‍പ്പെടുത്തി വിദേശി ജോലിക്കാരുടെ ചെലവ് വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ ഈ അന്തരം ഇല്ലാതാക്കാനാവൂ എന്നും സ്വദേശികളുടെ കുറഞ്ഞ ശമ്പളം 6,000 റിയാലായി നിശ്ചയിക്കണമെന്നും ശൂറ കൗണ്‍സില്‍ അംഗം നിര്‍ദേശിച്ചു.
നിതാഖാത്ത് പോലുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടായിട്ടും 2016ല്‍ സ്വദേശികളെ നിയമിച്ചതിന്റെ തോത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനം കുറവാണ്. മാത്രവുമല്ല രാജ്യത്ത് ഒമ്പത് ലക്ഷം സ്വദേശി തൊഴില്‍ രഹിതര്‍ നിലനില്‍ക്കുമ്പോഴും 80 ലക്ഷത്തിലധികം വിദേശികള്‍ തൊഴിലെടുക്കുന്നു എന്നതും അസന്തുലതമാണെന്ന് ഡോ. ഫഹദ് കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.