
അബുദാബി: ഹിന്ദി ഉള്‍പ്പെടെ 5 ഭാഷകളില്‍ കോടതി വിധി പകര്‍പ്പുകള്‍ ലഭിക്കാന്‍ അബുദാബി ജുഡീഷ്യല്‍ വകുപ്പ് അവസരമൊരുക്കുന്നു. കേസുകളില്‍ വിധി വന്ന ഉടന്‍ ജുഡീഷ്യല്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ ക്യുആര്‍ കോഡ് ഉപയോഗിച്ച് പ്രവേശിച്ചാല്‍ വിവര്‍ത്തനം ലഭ്യമാകുന്നതാണ് പദ്ധതി. 5 ഭാഷകളില്‍ കോടതി പകര്‍പ്പ് ലഭിക്കുന്ന ആദ്യരാജ്യമാണ് യുഎഇ. ഇംഗ്ലിഷ്, ഹിന്ദി, ഉറുദു, ടാഗലോഗ്, റഷ്യന്‍ ഭാഷകളിലാണ് സൗകര്യം ലഭ്യമാകുക. ഭാവിയില്‍ കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്.
പ്രാഥമിക, അപ്പീല്‍, സുപ്രീം കോടതി വിധികള്‍ ഇങ്ങനെ അറിയാനാകും. യുഎഇയില്‍ വസിക്കുന്ന വിവിധ രാജ്യക്കാര്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് പുതിയ സേവനമെന്ന് ജുഡീഷ്യല്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസഫ് സഈദ് അല്‍ അബ്രി പറഞ്ഞു. നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ലോകോത്തര സേവനം നല്‍കുന്നതെന്ന് ജുഡീഷ്യല്‍ വകുപ്പ് അറിയിച്ചു.
യുഎഇയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മികച്ച സേവനം ഉറപ്പുവരുത്തുക എന്ന വിഷന്‍ 2030ന്റെ ഭാഗമായാണിത്. കേസുമായി ബന്ധപ്പെട്ട വിവിധ നടപടിക്രമങ്ങള്‍ ഇതിലൂടെ അറിയാനാകും. കോടതിയുടെ പ്രത്യേക പദങ്ങളും മറ്റും മനസ്സിലാക്കാനുള്ള സൗകര്യങ്ങളും ഇതിലുണ്ട്. വിഡിയോ ദൃശ്യങ്ങളിലൂടെ കോടതി നടപടികള്‍ മനസിലാക്കാനും ഉപകരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.