Currency

ദേശീയ പാതകളെക്കാള്‍ അപകടങ്ങള്‍ കൂടുതല്‍ സംസ്ഥാനപാതയില്‍

സ്വന്തം ലേഖകന്‍Monday, January 2, 2017 2:54 pm

ബംഗളൂരു: കര്‍ണാടകത്തില്‍ ദേശീയ പാതകളിലുണ്ടാകുന്ന അപകടങ്ങളേക്കാള്‍ കൂടുതല്‍ സംസ്ഥാനപാതകളിലെ അപകടങ്ങളെന്ന് റിപ്പോര്‍ട്ട്. പോലീസ് പുറത്തു വിട്ട കണക്കിലാണ് സംസ്ഥാനപാതയിലെ അപകടങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2016ല്‍ സംസ്ഥാനപാതകളിലുണ്ടായ അപകടത്തില്‍ മാത്രം 1500 പേരാണ് മരിച്ചത്. സംസ്ഥാനപാതകളില്‍ അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് ട്രാഫിക് പോലീസ്. പട്രോളിങ്ങിനായി 100 വാഹനങ്ങള്‍ നിരത്തിലിറക്കും. സംസ്ഥാനപാതകളില്‍ സി.സി. ടി.വി ക്യാമറകളും സ്ഥാപിക്കുമെന്ന് എ.ഡി.ജി.പി. എ.എം. പ്രസാദ് പറഞ്ഞു.

നിലവിലുള്ള ട്രാഫിക് പോലീസിന്റെ ഹൊയ്‌സാല വാഹനത്തിന് സമാനമായതായിരിക്കും പുതിയതായി നിരത്തിലിറക്കുന്ന പട്രോളിങ് വാഹനങ്ങള്‍. ഇതിലൂടെ അമിത വേഗതയും മോശം ഡ്രൈവിങ്ങും തടയാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അശ്രദ്ധമായ ഡ്രൈവിങ്ങിനെത്തുടര്‍ന്നാണ് പല അപകടങ്ങളും സംഭവിക്കുന്നതെന്നും 20 ശതമാനം അപകടങ്ങളും മദ്യപിച്ച് വാഹനമോടിക്കുന്നതിനെത്തുടര്‍ന്നുണ്ടാകുന്നതാണെന്നും എ.ഡി.ജി.പി. പറഞ്ഞു. അമിതവേഗമോ, അശ്രദ്ധമായ ഡ്രൈവിങ്ങോ സംഭവിച്ചാല്‍ സി.സി. ടി.വി.യില്‍ നിന്നുള്ള വിവരം അപ്പോള്‍ തന്നെ പട്രോള്‍ പോലീസിന് ലഭിക്കും.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള 135 സ്ഥലങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെയായിരിക്കും സി.സി. ടി.വി. ക്യാമറകള്‍ സ്ഥാപിക്കുക.

ബംഗളൂരു റൂറല്‍, തുമക്കൂരു, ചിക്കമംഗളൂരു, ഹാസന്‍, ധാര്‍വാഡ്, രാമനഗര, മാണ്ഡ്യ എന്നിവിടങ്ങളിലാണ് കൂടുതല്‍ അപകട സാധ്യതാസ്ഥലങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുറഞ്ഞത് അഞ്ച് അപകടമരണങ്ങളെങ്കിലും സംഭവിച്ച സ്ഥലങ്ങളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 2013ല്‍ ദേശീയ പാതയില്‍ 3235 അപകടങ്ങള്‍ സംഭവിച്ചപ്പോള്‍ സംസ്ഥാനപാതയില്‍ 3962 അപകടങ്ങളായിരുന്നു സംഭവിച്ചത്. 2014ല്‍ ദേശീയ പാതയില്‍ 3183 അപകടങ്ങളും സംസ്ഥാന പാതയില്‍ 4055 അപകടങ്ങളും സംഭവിച്ചു. 2015ല്‍ ദേശീയപാതയില്‍ 3297 അപകടങ്ങളും സംസ്ഥാനപാതയില്‍ 3873 അപകടങ്ങളുമായിരുന്നു സംഭവിച്ചത്. 2016ല്‍ ഒക്ടോബര്‍ 31 വരെയുള്ള കണക്കുപ്രകാരം ദേശീയ പാതയില്‍ 2999 അപകടങ്ങളും സംസ്ഥാനപാതയില്‍ 2997 അപകടങ്ങളും സംഭവിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x