Currency

പുതിയ മദ്യനയം ഓണത്തിന് മുൻപ്; ഫോർസ്റ്റാർ ബാറുകൾ തുറക്കും

സ്വന്തം ലേഖകൻMonday, August 29, 2016 11:03 am

ഓണത്തിനു മുൻപ് പുതിയ മദ്യനയത്തിലൂടെ ഇടതു സര്‍ക്കാര്‍ ഫോര്‍ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുമെന്ന് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: ഓണത്തിനു മുൻപ് പുതിയ മദ്യനയത്തിലൂടെ ഇടതു സര്‍ക്കാര്‍ ഫോര്‍ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുമെന്ന് റിപ്പോര്‍ട്ട്. പൂട്ടിയ ബാറുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സി.പി.എം. പാര്‍ട്ടി തലത്തില്‍ കമ്മിഷനെ നിയോഗിച്ചിരുന്നു. ബാര്‍ വിഷയത്തില്‍ പൊതുജനാഭിപ്രായം തേടാനും വിദേശമദ്യ ബാറുകള്‍ പൂട്ടിയതിനു ശേഷമുള്ള മദ്യ ഉപയോഗത്തിന്റെ തോത് പഠിക്കാനും വേണ്ടി നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് സര്‍ക്കാര്‍ മദ്യനയം പരിഷ്കരിക്കുന്നത്.

അതേസമയം ബാറുകള്‍ പൂട്ടിയതിനുശേഷം 74 ബിയര്‍, വൈന്‍ പാര്‍ലറുകളാണ് ഫോര്‍സ്റ്റാര്‍ ലൈസന്‍സ് സമ്പാദിച്ചത്. ഈ മോടിപിടിപ്പിക്കല്‍ പൂര്‍ത്തിയായാലുടന്‍ ഇടത് മുന്നണിയുടെ മദ്യനയം പ്രഖ്യാപിക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ബാറുകള്‍ പൂട്ടിയപ്പോള്‍ 38 ഹോട്ടലുകള്‍ക്കാണ് ഫോര്‍സ്റ്റാര്‍ പദവി ഉണ്ടായിരുന്നത്. പൂട്ടിയ 730 ബാറിനും ബിയര്‍, വൈര്‍ പാര്‍ലര്‍ നല്‍കാനായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഈ കച്ചവടത്തില്‍ കാര്യമായ ലാഭം ലഭിക്കില്ലെന്നറിഞ്ഞ് 615 ഹോട്ടലുകള്‍ മാത്രമാണ് ബിയര്‍,വൈന്‍ പാര്‍ലറിന് അപേക്ഷ നല്‍കിയത്. ഇതില്‍ 112 ഹോട്ടലുകള്‍ക്ക് ഇപ്പോള്‍ ഫോര്‍സ്റ്റാര്‍ പദവിയുണ്ട്.

ബാറുകള്‍ പൂട്ടിയശേഷം വിനോദ സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് ടൂറിസം വകുപ്പിന്റെ പഠനത്തില്‍ വ്യക്തമായി. കേരളത്തിലേക്ക് എത്തിയിരുന്ന വിനോദ സഞ്ചാരികളില്‍ ബഹുഭൂരിപക്ഷവും ഇത്തവണ ശ്രീലങ്കയിലേക്കാണു പോയത്. നേരത്തെ, ത്രീ സ്റ്റാര്‍ ബാറുകളുടെ ലൈസന്‍സാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ആദ്യം റദ്ദാക്കിയത്. പിന്നീട് ഫോര്‍ സ്റ്റാര്‍ ബാറുകളും പൂട്ടി. അന്നു പൂട്ടിയ ഫോര്‍ സ്റ്റാര്‍ ബാറുകളാണ് തുറക്കാന്‍ പോകുന്നത്. ലൈസന്‍സ് പുനഃസ്ഥാപിക്കുമെന്നു സൂചന ലഭിച്ചതോടെ ബാര്‍ ഉടമകള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x