തമിഴ്നാടിന് കാവേരീ നദിയില്‍ നിന്നും വെള്ളം നല്‍കുന്നതിനോടനുബന്ധിച്ചാണ് പ്രതിഷേധം.
കാവേരീജല പ്രശ്നത്തെ തുടര്‍ന്ന്‍ കര്‍ണാടത്തിലാകെ പ്രതിഷേധം ശക്തമാകുന്നു. തമിഴ്നാടിന് കാവേരീ നദിയില്‍ നിന്നും വെള്ളം നല്‍കുന്നതിനോടനുബന്ധിച്ചാണ് പ്രതിഷേധം. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന്‍ പ്രതിഷേധസൂചകമായി വെള്ളിയാഴ്ച വിവിധ കര്‍ഷക സംഘടനകള്‍ കര്‍ണാടക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബന്ദിന് എണ്ണൂറോളം സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ നടന്ന പ്രതിഷേധത്തില്‍ ബെംഗളുരു- മൈസൂര് ദേശീയപാതയിലെ ഗതാഗതം തടസപ്പെടുകയുണ്ടായി. പ്രതിഷേധം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഓണത്തിന് നാട്ടിലേക്ക് വരുന്ന മലയാളികളെയാണ്. കര്‍ണാടക ആര്‍.ടി.സി.യുടെ തമിഴ്നാട്ടിലേക്കുള്ള ബസുകള്‍ പ്രശ്നങ്ങള്‍ അടങ്ങുന്നത് വരെ താല്‍ക്കാലികമായി റദ്ദാക്കി.
തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി. തമിഴ്നാട് രജിസ്ട്രേഷനുള്ള ആറു ലോറികളും പ്രതിഷേധക്കാര്‍ നശിപ്പിച്ചതിനെ തുടര്‍ന്നാണ് ഇത്. ഇത് കൂടാതെ തമിഴ് ചിത്രങ്ങളുടെ പ്രദര്‍ശനവും നിര്‍ത്തി വച്ചിരിക്കുകയാണ്.കേരള ആര്‍.ടി.സി.ക്ക് സമരം മൂലം ഏതാണ്ട് രണ്ട് ലക്ഷം രൂപയുടെ നഷ്ടം വന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
മലയാളികളുടെ നാട്ടിലേക്കുള്ള യാത്ര വെള്ളിയാഴ്ചയാണ്. എന്നാല്‍ അന്നേ ദിവസം ബന്ദ് പ്രഖ്യാപിച്ചതിനാല്‍ ഇത് പ്രായോഗികമല്ല. എന്നാല്‍ വൈകിട്ട് ആറു മണിക്ക് ശേഷമുള്ള ബസുകള്‍ ഉണ്ടാകുമെന്നതാണ് മലയാളികളുടെ പ്രതീക്ഷ. ചൊവ്വാഴ്ച കേരള ആര്‍.ടി.സി.യുടെ ബസ് സമരക്കാര്‍ തകര്‍ത്തത് യാത്രക്കാരെ ആശങ്കയിലാക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 16000 ക്യൂസെക്സ് വെള്ളം കര്‍ണാടക തമിഴ്നാടിന് നല്‍കി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷിയോഗത്തിലാണ് വെള്ളം നല്‍കാനുള്ള തീരുമാനം ഉണ്ടായത്. ചില കര്‍ഷകര്‍ കാവേരീ നദിയില്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പോലീസ് ചേര്‍ന്ന് അപകടം ഒഴിവാക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.