
റിയാദ്: അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ പന്ത്രണ്ട് ലക്ഷം ജോലികള്‍ സൃഷ്ടിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. 2022 ഓടെ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് 9 ശതമാനമായി കുറക്കുകയാണ് ലക്ഷ്യം. നിലവില്‍ 13 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. ജിദ്ദയില്‍ മുസ്ലിം രാഷ്ട്രങ്ങളിലെ തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കാന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കണ്‍ട്രീസ് തൊഴില്‍ മന്ത്രിമാരുടെ യോഗത്തിലാണ് സൗദി പ്രഖ്യാപനം നടത്തിയത്.
സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ ആണ് നിലപാട് വ്യക്തമാക്കിയത്. സ്വകാര്യ മേഖലയില്‍ തൊഴില്‍ കണ്ടെത്താന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വരുന്നുണ്ട്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമായി. ഇതു വഴി പ്രതിവര്‍ഷം 2,40,000 ജോലികളാണ് ലക്ഷ്യം.
അര്‍ഹതയുണ്ടായിട്ടും ജോലി ലഭിക്കാത്ത 80 ശതമാനത്തിലേറെ വനിതകളുണ്ട് രാജ്യത്ത്. പുരുഷന്മാരില്‍ 38 ശതമാനത്തിനും ജോലിയില്ല. ഇത് ഗണ്യമായി കുറക്കാനുള്ള പദ്ധതികളും തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതിയിലുണ്ട്. ഒഐസി രാജ്യങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കാനുള്ള പദ്ധതി രൂപീകരണമാണ് ജിദ്ദയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ലക്ഷ്യം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.