Currency

സൗദിയില്‍ ബഖാലകളിലും ചില്ലറ വില്‍പന കേന്ദ്രങ്ങളിലും 100% സ്വദേശിവത്കരണം നടപ്പാക്കാന്‍ നീക്കമാരംഭിച്ചു

സ്വന്തം ലേഖകന്‍Tuesday, July 25, 2017 7:20 pm

ഇത്തരം നിരവധി മേഖലകളില്‍ കൂടി സ്വദേശിവത്കരണം കൊണ്ടുവരും. ബഖാലകളിലെ സ്വദേശി വത്കരണം നടപ്പാക്കുന്ന ആദ്യ വര്‍ഷം തന്നെ ഇരുപതിനായിരം സ്വദേശി യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

റിയാദ്: സൗദിയിലെ ബഖാലകള്‍, ചില്ലറ വില്‍പന കേന്ദ്രങ്ങള്‍, ഉപഭോഗവസ്തുക്കളുടെ വില്‍പന സ്ഥലങ്ങള്‍ എന്നിവയില്‍ നൂറ് ശതമാനം സ്വദേശിവത്കരണ നടപ്പാക്കാന്‍ നീക്കമാരംഭിച്ചു. സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയമാണ് ഇതിനുള്ള നീക്കമാരംഭിച്ചിട്ടുള്ളത്.

ഇതിന് പുറമെ ഇത്തരം നിരവധി മേഖലകളില്‍ കൂടി സ്വദേശിവത്കരണം കൊണ്ടുവരും. ബഖാലകളിലെ സ്വദേശി വത്കരണം നടപ്പാക്കുന്ന ആദ്യ വര്‍ഷം തന്നെ ഇരുപതിനായിരം സ്വദേശി യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വദേശികളെ ആകര്‍ഷിക്കുന്ന വരുമാനവും ലാഭവും പ്രതീക്ഷിക്കുന്ന മേഖലകളില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മേഖലയിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നത്.

റെന്റ് എ കാര്‍, വാഹനങ്ങളിലെ ഭക്ഷ്യ വില്‍പന, ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, ടൂറിസ്റ്റ് അഭയകേന്ദ്രങ്ങള്‍, ആരോഗ്യ മേഖല എന്നിവയാണ് അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തെരഞ്ഞെടുത്ത മേഖലകള്‍. റന്റ് എ കാര്‍ മേഖലയില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതിലൂടെ 5000 പേര്‍ക്കും അല്‍ഖസീം മേഖലയില്‍ നിന്നാരംഭിക്കുന്ന ഷോപ്പിങ് മാളുകള്‍ സ്വദേശിവത്കരിക്കുന്നതിലുടെ 6,000 സ്വദേശികള്‍ും ജോലി നല്‍കാനാവുമെന്നുമാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

2018 ഓടെ ടൂറിസം മേഖലയില്‍ 33,000 സ്വദേശികള്‍ക്കും 2020 ഓടെ ആരോഗ്യ മേഖലയില്‍ 93,000 സ്വദേശികള്‍ക്കും ജോലി നല്‍കാനാവുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ആരോഗ്യ മേഖലയില്‍ 7,500 ജോലിക്കാര്‍ക്കുള്ള കരാറുകള്‍ മന്ത്രാലയം ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x