
റിയാദ്: സര്‍വ്വകലാശാലകളില്‍ സ്വദേശിവത്കരണം ഊര്‍ജിതമാക്കണമെന്ന് സൗദി ശൂറാ കൗണ്‍സില്‍. സൗദിയിലെ വിവിധ കോളജുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരില്‍ മൂന്നിലൊന്നും വിദേശികളാണ്. സ്വദേശിവത്കരണം വിവിധ മേഖലയില്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും കോളജുകളില്‍ സ്വദേശി അധ്യാപകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടില്ല. ഈ സാഹച്യത്തിലാണ് ശൂറാ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്.
രാജ്യത്താകെ പതിനാറായിരത്തിനടുത്ത് വിദേശ പ്രൊഫസര്‍മാരുണ്ട്. ഇവരുടെ എണ്ണം കുറച്ച് സ്വദേശികളെ നിയമിക്കാനാണ് നീക്കം. ഇതോടെ മലയാളികളടക്കമുള്ള പ്രൊഫസര്‍മാരെ പിരിച്ചു വിടല്‍ ഭീഷണിയിലായി. കഴിഞ്ഞ വര്‍ഷം സാമ്പത്തിക ആസൂത്രണ മന്ത്രാലയം അധ്യാപകരുടെ എണ്ണം പുറത്ത് വിട്ടത് പ്രകാരം 52,617 പ്രൊഫസര്‍മാരാണ് രാജ്യത്തുള്ളത്. ഇതില്‍ 15,977 പേര് വിദേശികളാണ്. അധ്യാപകരില്‍ 4,555 പേര് വനിതകളും. ഇതില്‍ വലിയ മാറ്റം വന്നിട്ടില്ല എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
അതേസമയം രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ വിദേശി അധ്യാപക അനുപാതം കൂടുതലാണെന്നാണ് കണ്ടത്തെല്‍. സ്വദേശിവത്കരണ ശക്തമാക്കിയിട്ടും ഈ നില തുടരുന്നത് ആശങ്കാജനകമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വദേശി, വിദേശി അനുപാതത്തിലുള്ള വ്യത്യാസം വന്‍ തോതില്‍ നിലനില്‍ക്കുന്നത് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.