പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തൊഴില്‍ മേഖലയിലെ സുപ്രധാന കരട് ഭേദഗതി പാസ്സാക്കിയത്. ഇതനുസരിച്ച് മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അറുപത് ശതമാനം ജീവനക്കാര്‍ ഖത്തരി സ്വദേശികളായിരിക്കണം. കൂടാതെ സര്‍ക്കാരിന് പങ്കാളിത്തമുള്ളതോ നിക്ഷേപമുള്ളതോ ആയ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശിവല്‍ക്കരണം അറുപത് ശതമാനമാക്കി ഉയര്‍ത്തും.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നതിന് സ്വദേശികള്‍ വിമുഖത കാണിക്കുന്നതിനാല്‍ നിലവില്‍ സര്‍ക്കാര്‍ അലവന്‍സ് നല്‍കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ നല്കുന്ന ശമ്പളത്തിന് പുറമെ എല്ലാ മാസവും സര്‍ക്കാര്‍ നിശ്ചിത തുകയും നല്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ലഭിക്കുന്ന ശമ്പളത്തിന് തുല്യമായ വരുമാനം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വൈദ്യുതി, ജല മേഖലയിലെ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള സ്വകാര്യ കമ്പനികളെല്ലാം പുതിയ സ്വദേശിവത്കരണ തോത് പാലിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ചില തസ്തികകളില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിദേശി ജീവനക്കാരെ പൂര്‍ണമായി ഒഴിവാക്കാന്‍ ഉത്തരവില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. മലയാളികളടക്കം വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് ഉത്തരവ്.