Currency

സ്വദേശിവത്ക്കരണത്തിന് ഒരുങ്ങി ഖത്തര്‍; 60 ശതമാനം സ്വദേശിവല്‍ക്കരണം

സ്വന്തം ലേഖകന്‍Thursday, July 9, 2020 11:06 am

ദോഹ: ഖത്തറില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്പനികളിലും അറുപത് ശതമാനം സ്വദേശിവല്‍ക്കരണം കൊണ്ടുവരാനുള്ള കരട് ഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം. തൊഴില്‍ മന്ത്രാലയം സ്വദേശികള്‍ക്കായി നീക്കിവെക്കുന്ന ഉദ്യോഗങ്ങളില്‍ വിദേശികളെ നിയമിക്കുന്നത് പൂര്‍ണമായും വിലക്കണമെന്നും നിര്‍ദേശം.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തൊഴില്‍ മേഖലയിലെ സുപ്രധാന കരട് ഭേദഗതി പാസ്സാക്കിയത്. ഇതനുസരിച്ച് മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അറുപത് ശതമാനം ജീവനക്കാര്‍ ഖത്തരി സ്വദേശികളായിരിക്കണം. കൂടാതെ സര്‍ക്കാരിന് പങ്കാളിത്തമുള്ളതോ നിക്ഷേപമുള്ളതോ ആയ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശിവല്‍ക്കരണം അറുപത് ശതമാനമാക്കി ഉയര്‍ത്തും.

വിരമിക്കല്‍ പ്രായം, പെന്‍ഷന്‍ പ്രായം എന്നിവയില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ പിന്തുടരുന്ന കമ്പനികളിലും ഇതേ നിയമം ബാധകമാക്കും. ഖത്തരി വനിതകളില്‍ പിറന്ന മക്കളും ഈ സംവരണത്തിന്റെ പരിധിയില്‍ വരും. തൊഴില്‍ മന്ത്രാലയം സ്വദേശികള്‍ക്കായി സംവരണം ചെയ്യുന്ന ഉദ്യോഗങ്ങളില്‍ വിദേശികളെ നിയമിക്കുന്നത് പൂര്‍ണമായും വിലക്കുന്നതായും കരട് ഭേദഗതിയിലുണ്ട്. 2004 ലെ തൊഴില്‍ നിയമം അനുസരിച്ചാണ് കരട് പ്രമേയം മന്ത്രിസഭ പാസ്സാക്കിയത്. കരടിന് അനുമതിയായതോടെ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണവും നടപ്പാക്കലുമുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x