ഭക്ഷ്യവിപണിയിലെ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ കടുത്ത നിയമ നടപടികളുമായി ഭക്ഷ്യസുരക്ഷാ കമ്മീഷന്‍.
തിരുവനന്തപുരം: ഭക്ഷ്യവിപണിയിലെ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ കടുത്ത നിയമ നടപടികളുമായി ഭക്ഷ്യസുരക്ഷാ കമ്മീഷന്‍. പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടുപായാസം വില്‍ക്കുന്ന കാഴ്ച ഇന്ന് നഗരങ്ങളിലെല്ലാം പതിവാണ്. എന്നാല്‍ ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യക്തമാക്കിയത്. പിഴ ഉള്‍പ്പെടെയുള്ള നിയമനടപടികളാകും ഇത്തരം വില്‍പനക്കാരെ കാത്തിരിക്കുന്നത് എന്ന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു.
ഓണക്കാലം കൂടിയായതിനാല്‍ ഇത്തരം വില്‍പനയുടെ അളവ് ക്രമാതീതമാകുമെന്നതിനു സംശയമില്ല. പായസം മലയാളികളുടെ ഗ്രഹാതുരത്വത്തിന്റെ തന്നെ ഭാഗമായതിനാല്‍ പായസം വില്‍പനക്കാര്‍ക്ക് ഒരു പഞ്ഞവും കേരളത്തിലില്ല. ഇത്തരം സാഹചര്യങ്ങള്‍ പതിവായതിനാലാണ് ഇതിനെതിരെ നിയമനടപടിയെടുക്കാന്‍ കമ്മീഷനെ പ്രേരിപ്പിക്കുന്നത്. റൂം ടെമ്പറേച്ചറില്‍ ചൂടാറുന്നതിനു മുന്പായി പ്ലാസ്റ്റിക് പാത്രങ്ങളിലേക്ക് മാറ്റുന്ന പായസം പോലെയുള്ള പദാര്‍ഥങ്ങള്‍ ആരോഗ്യത്തിനു ഹാനികരമായതിനാലാണ് നിയമനടപടി.
പരിസ്ഥിതിക്കും ജീവനുമൊക്കെ കനത്ത എതിരാളിയാണ് പ്ലാസ്റ്റിക്. ഭക്ഷ്യസുരക്ഷ നിയമപ്രകാരം പ്ലാസ്റ്റിക് ആരോഗ്യത്തിനു ദോഷമായി ബാധിക്കുന്ന വസ്തുവാണ്. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതിനു നിയമതടസങ്ങളുണ്ട്. ഈ നിയമത്തെ കാറ്റില്‍ പറത്തിക്കൊണ്ട് റെഡി ടു കുക്ക് പഴങ്ങളോ പച്ചക്കറികളോ പ്ലാസ്റ്റിക് കവറില്‍ വില്‍ക്കുന്നവര്‍ക്കെതിരെയും കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ പറഞ്ഞു. റെഡി ടു കുക്ക് എന്ന പേരില്‍ വിപണിയിലെത്തുന്ന പച്ചക്കറികള്‍ ശുചിത്വമുള്ളതതല്ലെന്ന് ഫുഡ് സേഫ്റ്റി കണ്ടെത്തിയിട്ടുണ്ട്.
ഓണക്കാലമായതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ വരുമെന്നത് കൊണ്ട് ചെക്ക്പോസ്റ്റില്‍ കാര്യമായ പരിശോധന നടത്താന്‍ ക്ഷീരവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നടപടികളില്‍ ക്ഷീരവകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്ത പങ്കാളികളായിരിക്കും. ഇതോടൊപ്പം കയറ്റി അയക്കപ്പെടുന്ന പാലില്‍ വിഷാംശം അടങ്ങിയിരിക്കുന്നോ എന്ന് കണ്ടെത്താനായി രാജസ്ഥാനില്‍ നിന്ന് ഉപകരണം വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ വിപണിയിലുള്ള പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം തന്നെ കീടനാശിനി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. അതിനാല്‍ ഇവ ഉപയോഗിക്കുന്നതിനു മുന്‍പായി വാളന്‍പുളി വെള്ളത്തില്‍ അര മണിക്കൂര്‍ മുക്കി വച്ച ശേഷം ശുദ്ധജലത്തില്‍ കഴുകി കോട്ടണ്‍തുണി കൊണ്ട് വൃത്തിയായി തുടക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി. ഇതോടൊപ്പം പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞു പാചകത്തിന് തയ്യാറായ നിലയില്‍ വിപണിയിലെത്തുന്ന പച്ചക്കറികളോ പഴങ്ങളോ വാങ്ങി ഉപയോഗിക്കരുതെന്നും ജനങ്ങളോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.