Currency

ഓണം സ്പെഷ്യല്‍ ബസുകള്‍: ലാഭം കൊയ്ത് കര്‍ണാടക

Saturday, August 27, 2016 5:57 pm

കര്‍ണാടക ആര്‍ടിസിക്ക് ഈ ഓണത്തിന് നല്ല കോളാണ്.

ബെംഗളുരു: കര്‍ണാടക ആര്‍ടിസിക്ക് ഈ ഓണത്തിന് നല്ല കോളാണ്. സ്പെഷ്യല്‍ ബസുകളിലെ ടിക്കെറ്റ് ബുക്കിംഗ് തുടങ്ങാന്‍ കേരളം വൈകുന്നത് മുതലെടുത്ത്‌ കര്‍ണാടക ആര്‍ടിസി കേരളത്തിലേക്ക് കൂടുതല്‍ സ്പെഷ്യല്‍ ബസുകള്‍ അനുവദിക്കുന്നു. സേലം വഴി എറണാകുളത്തേക്ക് പോകുന്ന ഒരു സ്പെഷ്യല്‍ ബസ് കൂടി ഇന്നലെ പ്രഖ്യാപിച്ചതോടെ മൊത്തം 20 ബസുകളാണ് കര്‍ണാടക അനുവദിച്ചത്.

ഇക്കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി വളരെ പരിതാപകരമാണ്. സമയക്രമം വരെ തയ്യാറാക്കിയ ഏഴ് സ്പെഷ്യല്‍ ബസുകളില്‍ ടിക്കെറ്റ് വില്പന തുടങ്ങാന്‍ പോലും കേരളത്തിന്‌ കഴിഞ്ഞിട്ടില്ല. സെപ്റ്റംബര്‍ ഒന്‍പതിന്, ഓണത്തിന് ഏറ്റവും കൂടുതല്‍ തിരക്കുണ്ടാകുമെന്ന് കരുതുന്ന ദിവസം കര്‍ണാടക ആര്‍ടിസി ബസുകളില്‍ കര്‍ണാടകയില്‍ നിന്നുള്ള 35 ബസുകളിലെ മുഴുവന്‍ ടിക്കറ്റുകളും വിറ്റ് തീര്‍ന്നു. മറ്റ് ബസുകളിലെ ടിക്കെറ്റുകളും വളരെ പെട്ടെന്ന്‍ തന്നെ വിറ്റഴിയുന്നുണ്ട്.

എന്നാല്‍ ഓണത്തിന് 19 സ്പെഷ്യല്‍ ബസുകള്‍ ഉണ്ടാകുമെന്ന്‍ പ്രഖ്യാപിച്ച കേരള ആര്‍ടിസി ഒരു ബസിലും ടിക്കറ്റ് ബുക്കിംഗ് പോലും തുടങ്ങിയിട്ടില്ല. ഇത്കൂടാതെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് 19 സ്പെഷ്യല്‍ ബസുകള്‍ ഉണ്ടാകുമെന്ന്‍ ഉറപ്പു പറയാന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ കേരളത്തിന്റെ നിലപാട്.

തെക്കന്‍ കേരളത്തിലേക്ക് സേലം വഴി ഒരു ബസ്‌ പോലും കേരള ആര്‍ടിസിയ്ക്ക് ഇല്ലാത്തത് യാത്രക്കാരില്‍ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്. പാലക്കാട്, തൃശൂര്‍, കോട്ടയം, എറണാകുളം എന്നിങ്ങനെ കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം യാത്രക്കാരുണ്ടെങ്കിലും ഇതിന് തമിഴ്‌നാടിന്‍റെ പെര്‍മിറ്റ്‌ എടുക്കണമെന്ന് പറഞ്ഞാണ് ഇതുവഴി സ്പെഷ്യല്‍ ബസുകള്‍ വിടാത്തത്‌.

കേരളത്തിന്റെ കഴിവില്ലായ്മ മുതലെടുത്ത്‌ കര്‍ണാടക ബസുകള്‍ ഇത് വഴി ലാഭം കൊയ്യുന്നു. സേലം വഴി പാലക്കാട്, തൃശൂര്‍, കോട്ടയം, മൂന്നാര്‍, എറണാകുളം, എന്നിവിടേക്കായി 13 ബസുകളാണ് ഓണത്തിനിട്ടത്. ഇതില്‍ പത്ത് ബസുകളിലെയും മുഴുവന്‍ ടിക്കറ്റുകളും വിട്ടു പോയി. ഇതുവഴി ബസുകളോടിച്ചാല്‍ നഷ്ടമൊന്നും കേരള ആര്‍ടിസിയ്ക്ക് ഉണ്ടാകില്ല. എന്നിട്ടും മൈസൂര് വഴി തൃശൂരിലേക്കും കോട്ടയത്തേക്കും ഏറണാകുളത്തേക്കുമെല്ലാം ബസിടുന്ന കേരള ആര്‍ ടി സി യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x