
അബൂദബി: എയര്‍ കേരള വിമാനക്കമ്പനി തുടങ്ങാന്‍ മിഡിലീസ്റ്റിലെ പ്രമുഖ ഹെലികോപ്ടര്‍ ഓപറേറ്റര്‍മാരിലൊന്നായ അബൂദബി ഏവിയേഷന്‍ (എ.ഡി.എ) കേരള സര്‍ക്കാറിന് സഹായം വാഗ്ദാനം ചെയ്തു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പ്രവര്‍ത്തനങ്ങളില്‍ സഹകരണം, അടിയന്തര ഹെലികോപ്ടര്‍ മെഡിക്കല്‍ സേവനങ്ങളും അന്താരാഷ്ട്ര വ്യോമയാന അക്കാദമിയും ആരംഭിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളും എ.ഡി.എ കേരള സര്‍ക്കാറിന് മുന്നില്‍ വെച്ചിട്ടുണ്ട്.
വ്യോമയാന വിദഗ്ധരെ നല്‍കാമെന്നും വിമാനങ്ങള്‍ സ്വന്തമായോ പാട്ടമായോ ലഭ്യമാക്കാമെന്നുമാണ് കമ്പനിയുടെ വാഗ്ദാനം. ഇതിന് പകരമായി സര്‍ക്കാറിന്റെ ഗ്രാന്റുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന വിധം കമ്പനിക്ക് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിഗണന വേണമെന്ന് എ.ഡി.എ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഗള്‍ഫ് പ്രവാസികളെ വിമാനക്കമ്പനികളുടെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എയര്‍ കേരള തുടങ്ങാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കാന്‍ ആഭ്യന്തര സര്‍വീസുകളില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം വേണമെന്നും 20 വിമാനങ്ങള്‍ വേണമെന്നുമുള്ള നിബന്ധനകള്‍ ഇതിന് വിഘാതമാവുകയായിരുന്നു. സംസ്ഥാന സര്‍ക്കാറുമായി ചേര്‍ന്ന് സംയുക്ത കമ്പനി രൂപവത്കരിച്ച് കാര്യങ്ങള്‍ മുന്നോട്ടുനീക്കാമെന്ന നിര്‍ദേശമാണ് എ.ഡി.എ സര്‍ക്കാറിന് മുന്നില്‍ വെച്ചിരിക്കുന്നത്.
അതേസമയം ഈ നിര്‍ദേശങ്ങളുടെ സാധ്യത പഠിക്കാന്‍ കേരള ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഉന്നതതല കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വാണിജ്യ, ധനകാര്യ, വ്യോമയാന വകുപ്പുകളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, കൊച്ചി അന്താരാഷ്ട്ര വിമാനത്താവള മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്, എയര്‍ ഇന്ത്യ മുന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വി. തുളസിദാസ് തുടങ്ങിയവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.