Currency

വിമാന യാത്രക്കിടയില്‍ ഹൃദയാഘാതം; മലയാളി യാത്രക്കാരന്‍ മരിച്ചു

സ്വന്തം ലേഖകന്‍Thursday, November 16, 2017 11:55 am

അബൂദബി: വിമാന യാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി യാത്രക്കാരന്‍ മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂര്‍ സ്വദേശി തെയ്യമ്പാലി മുഹമ്മദ് സലീമാണ് അബൂദാബിയിലെ മഫ്‌റഖ് ആശുപത്രിയില്‍ മരണപ്പെട്ടത്. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് 1.15ന് തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരന്‍ ആയിരുന്നു സലീം. വിമാനം അടിയന്തരമായി അബൂദാബിയില്‍ ഇറക്കിയെങ്കിലും യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായില്ല.

വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെയാണ് സലീമിന് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിമാന ജീവനക്കാര്‍ പ്രാഥമിക ചികില്‍സ നല്‍കി. ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിലിറങ്ങാന്‍ അനുമതി തേടിയ പൈലറ്റ് യു.എ.ഇ സമയം 3.51 ഓടെ അബൂദാബി വിമാനത്താവളത്തിലിറക്കി. ഉടന്‍ മഫ്‌റഖ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

റിയാദില്‍ 14 വര്‍ഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന സലീമിന് ഒരാഴ്ച മുമ്പ് ജോലിക്കിടയില്‍ ദിറാബ് എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടായിരുന്നു. സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുകയും പിറ്റേ ദിവസം ഡിസ്ചാര്‍ജാവുകയും ചെയ്തു. പിന്നീട് ഇഖാമ പുതുക്കി റീഎന്‍ട്രി അടിച്ച് നാട്ടിലേക്ക് മങ്ങുകയായിരുന്നു.

ഭാര്യയും രണ്ട് മക്കളുമുണ്ട്. അബൂദബി വിമാനത്താവളത്തില്‍ നിന്ന് രണ്ടുമണിക്കൂര്‍ പിന്നിട്ടാണ് വിമാനം കോഴിക്കോടിന് തിരിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x