Currency

17 –മത് ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ ബാക്കുവിൽ വിതരണം ചെയ്തു

സ്വന്തം ലേഖകൻTuesday, November 22, 2022 11:14 am

അസർബൈജാൻ(ബാക്കു): 2022 ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ അസർബൈജാനിലെ ബാക്കുവിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി അംബാസിഡർ ഇൻ-ചാർജ് വിനയ് കുമാർ, മുൻ കർണാടക എം എൽ എ ഐവാൻ നിഗ്ലി എന്നിവർ ചേർന്ന് സമ്മാനിച്ചു. നവംബർ 22 ചൊവാഴ്ച രാത്രി 7 ന് ബാക്കുവിലെ ലാൻഡ്‌മാർക്ക് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് 17 – മത് ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ സമ്മാനിച്ചത്. പുരസ്‌കാരദാന ചടങ്ങിൽ അസർബൈജാൻ പാർലമെൻറ് അംഗം റാസി നുറുല്ലയെവ്, ക്രൊയേഷ്യ അംബാസിഡർ ബ്രാങ്കോ സെബിക് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

2022 ലെ ഗർഷോം പുരസ്കാരങ്ങൾ അമേരിക്കയിലെ ഫൊക്കാനയുടെ മുൻ ചെയർമാനും ഇന്റർനാഷണൽ അമേരിക്കൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിൻ പ്രസിഡന്റുമായ കെ ജി മന്മഥൻ നായർ, സൗദി അറേബ്യയയിലെ ടട്ര ഇൻഫർമേഷൻ ടെക്നോളജി സിഇഒ മൂസ കോയ, അസർബൈജാനിലെ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റും സാമൂഹ്യപ്രവർത്തകനുമായ ജേക്കബ് മാത്യു ഐക്കര എന്നിവർ ഏറ്റുവാങ്ങി. മികച്ച പ്രവാസി മലയാളി സാരംഭമായി തിരഞ്ഞെടുക്കപ്പെട്ട ബെംഗളൂരുവിലെ ടെൻടാക്കിൾ ഏയ്റോലോജിസ്റ്റിക്സിനുവേണ്ടി മാനേജിങ് ഡയറക്ടർ എൽദോ ഐപ്പ്, ഡയറക്ടർ ശ്രീജിത്ത് എന്നിവരും മികച്ച പ്രവാസി മലയാളി സംഘടനയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിലെ മലയാളി കൂട്ടായ്മയായ സമ ഫ്രാൻസിനുവേണ്ടി പ്രസിഡന്റ് ജിത്തു ജനാർദ്ദനനും ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ബെംഗളൂരു നോർത്ത് സർവകലാശാല സിൻഡിക്കറ്റ് അംഗം ജയ്‌ജോ ജോസഫ്, ഗർഷോം ഫൗണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ എന്നിവരും വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ നൂറോളം പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. 

സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാന്‍ ബംഗ്ലൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന്‍ 2002 മുതലാണ് ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി വരുന്നത്. മുൻ വർഷങ്ങളിൽ, 23 രാജ്യങ്ങളിൽ നിന്നുള്ള 82 പ്രവാസി മലയാളികൾക്കും 11 മലയാളി സംഘടനകൾക്കും 2 പ്രവാസി മലയാളി സംരംഭങ്ങൾക്കും ഗർഷോം അന്തർദേശീയ പുരസ്കാരങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യ, ജപ്പാൻ, മലേഷ്യ, കുവൈറ്റ്, യു എ ഇ, നോർവേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ മുൻ ഗർഷോം അവാർഡ് ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x